ആ ബന്ധം ഉലയില്ല; ആര് പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല

അമേരിക്കയിൽ ആര് തന്നെ പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ സുരക്ഷയടക്കമുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഇതിനു കാരണം. ജോ ബൈഡന്റെ ഭരണകാലത്ത് പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും സാങ്കേതികവിദ്യാരംഗത്തും സാങ്കേതികവിദ്യാരംഗത്തും ഇന്ത്യയുമായി മികച്ച പങ്കാളിത്തമാണ് അമേരിക്കയ്ക്കുണ്ടായിരുന്നത്.
വരാനിരിക്കുന്ന ഭരണാധികാരിയുടെ കീഴിലും അതേ നയം തന്നെ അമേരിക്ക തുടരുമെന്നാണ് കരുതുന്നത്. പ്രതിരോധതലത്തിലുള്ള സഹകരണം, ഇന്ത്യയെ സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ ടയർ 1 പട്ടികയിൽ ഉൾപ്പെടുത്തിയത്, വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും ഉൾപ്പെടുന്ന ടു പ്ലസ് ടു സംവാദങ്ങൾ, ക്വാഡ് എല്ലാം തന്നെ ഇന്ത്യാ അമേരിക്ക ബന്ധം തകർക്കാനാകാത്തവിധം ശക്തിപ്പെടുത്തിയിരിക്കുന്നു.
എന്നിരുന്നാലും ഡൊണാൾഡ് ട്രംപാണ് അധികാരത്തിലെത്തുന്നതെങ്കിൽ അമേരിക്കയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകുകയും ഇന്ത്യയുമായുള്ള വ്യാപാരകമ്മി കുറയ്ക്കുന്നതിനായി വ്യാപാരക്കരാറുകൾ പുനർചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യാനിടയുണ്ട്. 2023-24 കാലയളവിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി 77.52 ബില്യൺ ഡോളറിന്റേതാണെങ്കിൽ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 42.2 ബില്യൺ ഡോളറിന്റേതു മാത്രമാണ്.
അമേരിക്കൻ ടെക് കമ്പനികൾക്കും കൃഷിയ്ക്കും വിപണി തുറക്കാൻ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 ശതമാനം ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങൾക്ക് 10-20 ശതമാനം വരെ മാത്രമേ വർധനയുണ്ടാകൂ. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ഐ ടി സേവനങ്ങളും ഫാർമസ്യൂട്ടിക്കൽസും രത്‌നങ്ങളും ആഭരണങ്ങളുമാണ് പ്രധാനമായി ഉള്ളത്. മരുന്നുൽപാദകർക്കും ഐ ടി കമ്പനികളേയും അത് പ്രതികൂലമായി ബാധിച്ചേക്കാം.
കമലാ ഹാരിസ് പ്രസിഡന്റാകുകയാണെങ്കിൽ നിലവിലുള്ള നയങ്ങൾ തന്നെ തുടരും. ഹരിതോർജത്തിലും ആരോഗ്യത്തിലും ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിലും പുനരുപയോഗ ഊർജത്തിലും ക്ലീൻ ടെക്കിലുമെല്ലാം ഇന്ത്യയ്ക്ക് സഹകരണം കുറെക്കൂടി മെച്ചപ്പെടാനുള്ള സാധ്യതയാണുള്ളത്.
Story Highlights : There will be no change in America’s bilateral relationship with India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here