IAS തലപ്പത്തെ പരസ്യപോരിൽ ചീഫ് സെക്രട്ടറി വിശദീകരണം തേടും
അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐഎസിനെതിരായ പരസ്യ പോരിൽ എൻ പ്രശാന്തിൽ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എ ജയതിലക് മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ എന്നും മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി എന്നുമാണ് ഫേസ്ബുക്കിൽ എൻ പ്രശാന്തിന്റെ അധിക്ഷേപം. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകൾക്ക് എ ജയതിലകിനെ വിമർശിച്ചുള്ള പ്രതികരണങ്ങൾ എൻ പ്രശാന്ത് ഇപ്പോഴും തുടരുകയാണ്.
എ ജയതിലകിന്റെ ചിത്രം സഹിതമാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാർമശം. തനിക്കെതിരെ പത്രത്തിന് വാർത്ത നൽകുന്നത് എ ജയതിലകാണെന്ന് എൻ പ്രശാന്ത് ആരോപിച്ചു. മാതൃഭൂമിയുടെ സ്പെഷൽ റിപ്പോർട്ടർ എന്നാണ് എ ജയതിലകിനെ വിമർശിക്കുന്നത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് എ ജയതിലകെന്നും പരിഹാസമുണ്ട്. മറ്റൊരു പോസ്റ്റിലെ കമന്റിൽ എ ജയതിലക് ഐഎഎസിനെ മാടമ്പള്ളിയിലെ ചിത്ത രോഗി എന്നും എൻ പ്രശാന്ത് അധിക്ഷേപിക്കുന്നു. മതാടിസ്ഥാനത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതിൽ ആരോപണവിധേയനായ കെ ഗോപാലകൃഷ്ണന് എതിരായ പരിഹാസ പോസ്റ്റിലെ കമന്റിലാണ് ഈ അധിക്ഷേപപരാമർശം. സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎഎസുകാർ ഉണ്ടെന്നാണ് പരിഹാസം. അതിനിടെ, ഉദ്യോഗസ്ഥർക്കിടയിൽ സർക്കാരിന് നിയന്ത്രണം ഇല്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നു.
Read Also: ഡോ ജയതിലക് ഐഎഎസിനെതിരെ പരസ്യ പോർമുഖം തുറന്ന് എൻ പ്രശാന്ത്
എൻ പ്രശാന്ത് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ഉന്നതി സി ഇ ഒ ആയിരിക്കെ ക്രമക്കേടുകൾ നടത്തിയെന്നും സുപ്രധാന ഫയലുകൾ കാണാതായെന്നും എ ജയതിലക് മുഖ്യമന്ത്രിക്ക് അയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എൻ പ്രശാന്ത് ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള കണ്ടെത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. എൻ പ്രശാന്തിനെ മാറ്റി കെ ഗോപാലകൃഷ്ണനെ പിന്നീട് ഉന്നതി സിഇഒ ആക്കിയിരുന്നു. ഈ അതൃപ്തിയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്.
Story Highlights : A JayathilakIAS and N Prashanth issue Chief Secretary will seek clarification
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here