മതപഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
മതപഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നു ആരോപിച്ചു മദ്രസ വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍, കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈര്‍ അഷ്‌റഫ് ആണ് അറസ്റ്റില്‍ ആയത്. മലപ്പുറത്തു നിന്നാണ് പ്രതിയെ കണ്ണവം പോലീസ് പിടികൂടിയത് .
സെപ്റ്റംബറില്‍ ആണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ മദ്രസാ അധ്യാപകന്‍ ഉമൈര്‍ അഷ്‌റഫിന്റെ ക്രൂര പീഡനത്തിന് ഇരയായ സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിന് ശേഷം ഉമൈര്‍ അഷ്റഫി കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു .കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും നാട്ടില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ പോലീസ് മലപ്പുറത്ത് എത്തിയിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
Read Also: ‘ആരും മേസ്തിരി ചമയാന്‍ വരേണ്ട’, സമസ്തയില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്
കൂത്തുപറമ്പ് കിണവക്കല്‍ കമ്പിത്തൂണിലെ മതപഠനശാലയിലെ അധ്യാപകന്‍ ആണ് മലപ്പുറം താനൂര്‍ സ്വദേശി ഉമൈര്‍ അഷ്റഫി. 26 വയസാണ്. കഴിഞ്ഞ മെയ്യിലാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ കൂത്തുപറമ്പില്‍ മതപഠനത്തിന് പോയത്. . അജ്മല്‍ ഖാന്‍ പഠനത്തില്‍ പിന്നോട്ടാണെന്നു ആരോപിച്ചായിരുന്നു മര്‍ദ്ദനത്തിന്റെ തുടക്കം. വിവരം പുറത്തുള്ളവരോട് പറഞ്ഞതോടെ അജ്മല്‍ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരല്‍വടി കൊണ്ട് മുതുകില്‍ അടിച്ച് മുറിവേല്‍പ്പിക്കുകയും കണ്ണിലും ഗുഹ്യ ഭാഗത്തും മുളക് ഉടച്ച് തേക്കുകയും ചെയ്തു. ശരീരമാസകലം മര്‍ദ്ദനമേറ്റ അജ്മല്‍ ഖാനെ സഹോദരനാണ് കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് കൊണ്ട് വന്നത്.
സംഭവത്തിന് ശേഷം അജ്മല്‍ ഖാന്‍ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. ആദ്യം വിഴിഞ്ഞം പോലീസ് എടുത്ത കേസ് കണ്ണൂരിലേക്ക് കൈമാറുക ആയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights : Madrasa teacher arrested for brutally torturing student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here