‘തളരാത്ത പോരാളി വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി, മലയാളികളുടെ അഭിമാനം’; സഞ്‌ജു സാംസണ് 30-ാം പിറന്നാള്‍
തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് നിന്നും ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ദേശീയ തലത്തിൽ അഭിമാനമായി മാറിയ താരം. മലയാളികളുടെ അഭിമാന താരം സഞ്‌ജു സാംസണ് ഇന്ന് 30-ാം പിറന്നാള്‍. ബിസിസിഐയും ഐപിഎല്ലില്‍ താരത്തിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സും സഞ്‌ജുവിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. പ്രമുഖരുള്‍പ്പെടെ നിരവധി ആരാധകരും വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികളും താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തുണ്ട്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നെടുന്തൂണാണ് സഞ്‌ജു സാംസണ്‍. ടീമിനെ ഒരു പോരാളികളുടെ കൂട്ടമാക്കി മാറ്റുന്നതില്‍ സഞ്‌ജുവിന്‍റെ പങ്ക് ഏറെ വലുതാണ്. 2022 സീസണില്‍ ഫ്രാഞ്ചൈസിയെ ടൂര്‍ണമെന്‍റില്‍ രണ്ടാമതെത്തിക്കാനും സഞ്‌ജുവിനായി.
2015-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച സഞ്‌ജു വിമര്‍ശനങ്ങളില്‍ വാടാതെയാണ് സൂപ്പര്‍ താരമായി വളര്‍ന്നത്. തിളക്കമാര്‍ന്ന പ്രകടനം നടത്തുമ്പോഴും പലര്‍ക്കുമായി വഴിമാറിക്കൊടുക്കാനായിരുന്നു സഞ്‌ജുവിന്‍റെ വിധി. ഒരൊറ്റ മോശം പ്രകടത്തിന്‍റെ പേരില്‍ വിമർശിക്കാൻ നിരവധിപേരാണ് കാത്തിരുന്നത്.
എന്നാല്‍ കളിക്കളത്തില്‍ മികച്ച പ്രകടനം നല്‍കിക്കൊണ്ട് തന്‍റെ പ്രതിഭയുടെ മാറ്റുകൂട്ടിയ സഞ്‌ജു ഇവര്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരുന്നു. അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ ആദ്യ താരമാണ് സഞ്‌ജു. ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവാനും മലയാളി താരത്തിന് കഴിഞ്ഞു.
സ്‌പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും ഒരുപോലെ മികവ് പുലര്‍ത്താന്‍ കഴിയുന്ന താരമാണ് സഞ്‌ജു. എതിരെ നില്‍ക്കുന്നതാരായാലും ആക്രമിച്ച് കളിക്കുന്ന സഞ്‌ജുവിന്‍റെ കളി ശൈലിക്ക് ആരാധകര്‍ ഏറെ. വിക്കറ്റിന് പിന്നിലും മികവാര്‍ന്ന പ്രകടനങ്ങളാല്‍ താരം കയ്യടി നേടി. ഏകദിന ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറിയും സഞ്‌ജുവിന്‍റെ പേരിലുണ്ട്. ഐപിഎല്ലിലാവട്ടെ മൂന്ന് തവണയാണ് താരം മൂന്നക്കം തൊട്ടത്.
Story Highlights : Sanju Samson 30th Birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here