ശബരിമല ദര്‍ശന സമയം 18 മണിക്കൂറാക്കി, പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ അനുവദിക്കില്ല

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നവംബര്‍ 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദര്‍ശന സമയം 16 മണിക്കൂറില്‍ നിന്നും 18 മണിക്കൂറാക്കി. പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും. 70,000 പേർ വെര്‍ച്ച്വല്‍ ക്യൂവിലുണ്ടാകും.
10,000 പേർ തത്സമയം വരുന്നവരാകും. നിലയ്ക്കലില്‍ പാര്‍ക്കിങിന് അധിക സംവിധാനം ഒരുക്കും. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇരുപതില്‍പരം വകുപ്പുകളുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണുണ്ടാകുക.
10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. എരുമേലിയിലും പാര്‍ക്കിംഗ് സംവിധാനമുണ്ട്. പമ്പയില്‍ കൂടുതല്‍ നടപ്പന്തല്‍ സൗകര്യമുണ്ടാകും. അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കി. ഇതോടെ ആകെ നടപ്പന്തലുകൾ ഒമ്പത് ആയി. ജര്‍മന്‍ പന്തലും സജ്ജമാക്കി. 8,000 പേര്‍ക്ക് പമ്പയില്‍ സുരക്ഷിതമായി നില്‍ക്കാന്‍ സാധിക്കും.
ശരംകുത്തി മുതല്‍ നടപ്പന്തല്‍ വരെ പ്രത്യേക കുടിവെള്ള വിതരണ സംവിധാനമൊരുക്കി. നവംബര്‍ 16ന് 40 ലക്ഷം ടിന്‍ അരവണ സജ്ജമാകും. അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ഒരുക്കി. മരക്കൂട്ടം മുതല്‍ ചന്ദ്രനന്ദന്‍ റോഡ് വരെ സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. പമ്പയിലും സന്നിധാനത്തും ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും.
സ്‌പോട്ട് ബുക്കിങ് വെരിഫിക്കേഷന് വേണ്ടി പമ്പയില്‍ ഏഴ് കൗണ്ടറുകളുണ്ടാകും. അതേസമയം പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും നേരിട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.
Story Highlights : Preparations Complete for Sabarimala Makaravilakku
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here