വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ആര്‍ക്ക് അനുകൂലം? വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കൂട്ടിക്കിഴിക്കലുകളുമായി മുന്നണികള്‍
ചേലക്കര, വയനാട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കൂട്ടിക്കിഴിക്കലുകളില്‍ സജീവമായി മുന്നണികള്‍. വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്നതാണ് സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ആകാംക്ഷ. വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് മുന്നണികള്‍. ഇടതു കോട്ടകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ആയി എന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലത്തില്‍ ആകെ ശക്തമായ മുന്നേറ്റം ഉണ്ടാക്കിയെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.
വയനാട്ടില്‍ വോട്ടര്‍മാര്‍ കാര്യമായി പോളിങിനോട് സഹകരിച്ചില്ല എന്നാണ് സൂചന. 64.72 ആണ് വയനാട്ടിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏറനാടും നിലമ്പൂരുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ മണ്ഡലങ്ങള്‍. അതില്‍ നിലമ്പൂരില്‍ വോട്ട് ഗണ്യമായി കുറഞ്ഞു. ബൂത്ത് തല കണക്കുകള്‍ പുറത്ത് വന്നാല്‍ മാത്രമേ ഏത് മുന്നണിയുടെ വോട്ടാണ് ചോര്‍ന്നത് എന്ന് മനസിലാവുകയുള്ളു. ഇത് ഒരു അനാവശ്യ തെരഞ്ഞെടുപ്പാണെന്ന ബോധം ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ പോളിങ്ങിനോട് മുഖം തിരിച്ചത് എന്നാണ് എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്നത്. എല്‍ഡിഎഫും ബിജെപിയും പ്രചാരണ രംഗത്ത് തീരെ സജീവമായിരുന്നില്ലെന്ന ആക്ഷേപം യുഡിഎഫും ഉന്നയിക്കുന്നു.
Read Also: ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും
ചേലക്കരയിലും വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തു എന്നാണ് മൂന്നു മുന്നണികളും അവകാശപ്പെടുന്നത്. ഒടുവിലെ കണക്ക് പ്രകാരം 72.77 ആണ് പോളിംഗ് ശതമാനം. ഉച്ചയോടെ അന്തിമ കണക്ക് പുറത്ത് വരൂ. പി വി അന്‍വറിന്റെ ഡിഎംകെ പിന്തുണയുള്ള എന്‍ കെ സുധീര്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ പിടിച്ചെടുത്തു എന്ന് അവകാശപ്പെടുന്നുണ്ട്. അന്തിമ കണക്ക് പുറത്തു വന്ന ശേഷം മുന്നണികള്‍ യോഗം ചേരും.
Story Highlights : Political parties are in calculations as by elections are over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here