ഒരു ലക്ഷം രൂപ എട്ട് ലക്ഷമായത് അതിവേഗം; ബാങ്കിലിട്ടാൽ കിട്ടാത്ത റിട്ടേൺ: വൻ ലാഭം നിക്ഷേപകർക്ക് നൽകിയത് ഈ കമ്പനി ഓഹരി
ഓഹരി വിപണി ലാഭ നഷ്ട സാധ്യത ഒരുപോലെയുള്ള ഇടമാണ്. നിങ്ങൾ വ്യക്തമായി പഠിച്ച് നിക്ഷേപിച്ചാൽ വൻ നേട്ടമുണ്ടാക്കാനും അതേസമയം യാതൊരു കണക്കുകൂട്ടലുമില്ലാതെ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകാനും സാധ്യതയുള്ള ഇടം. എന്നാൽ എടിവി പ്രൊജക്‌ട്സ് ഇന്ത്യ കമ്പനിയിൽ വിശ്വാസമർപ്പിച്ചവർക്കൊന്നും തെറ്റുപറ്റിയില്ലെന്നാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ ഓഹരി വിപണിയിൽ കമ്പനി ഓഹരി നൽകിയ റിട്ടേൺ വ്യക്തമാക്കുന്നത്.
ഈ വർഷത്തിൻ്റെ തുടക്കം മുതൽ ഇതുവരെ 110 ശതമാനമാണ് കമ്പനി വളർച്ച കൈവരിച്ചത്. 15.25 രൂപയായിരുന്ന ഓഹരി വില ഇപ്പോൾ 32.50 രൂപയായി വളർന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിലെ വിപണിയിലാകെയുണ്ടായ തിരിച്ചടിയെ തുടർന്ന് 10 ശതമാനം മൂല്യം ഇടിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനിടെ 35 ശതമാനം വളർച്ചയാണ് കമ്പനി നേടിയതെന്നതും സുപ്രധാനമാണ്.
ഒരു വർഷം മുൻപ് കമ്പനിയുടെ ഓഹരി വില 14.6 രൂപയായിരുന്നു. 125 ശതമാനമാണ് കഴിഞ്ഞ 12 മാസത്തെ റിട്ടേൺ. അഞ്ച് വർഷം മുൻപ് ഈ കമ്പനിയുടെ ഓഹരിക്ക് വെറും നാല് രൂപ മാത്രമായിരുന്നു വിലയെന്നത് കൂടി പരിഗണിക്കുമ്പോഴാണ് എടിവി പ്രൊജക്ട്സിൻ്റെ വളർച്ച വ്യക്തമായി മനസിലാവുന്നത്.
അഞ്ച് വർഷം മുൻപ് കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് ഇന്ന് എട്ട് ലക്ഷം രൂപയുടെ ഓഹരികളാണ് കൈയ്യിലുള്ളത്. ഈ വർഷം ആധ്യം ഒരു ലക്ഷം രൂപയ്ക്ക് ഓഹരി വാങ്ങിയവരുടെ ഇപ്പോഴത്തെ ഓഹരി മൂല്യം 2.10 ലക്ഷം രൂപയാണ്. ആറ് മാസം മുൻപ് നിക്ഷേപിച്ച ഒരു ലക്ഷം ഇന്ന് 1.35 ലക്ഷമായും മാറിയിട്ടുണ്ട്. എന്നാൽ വിപണി വൻ തിരിച്ചടി നേരിട്ട കഴിഞ്ഞ ഒരു മാസത്തിൽ ഒരു ലക്ഷം രൂപ 90000 രൂപയായി കുറയുകയും ചെയ്തു. എങ്കിലും കമ്പനിയുടെ ഓഹരി മൂല്യം ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
കമ്പനിയിൽ എൽഐസിക്കും പങ്കാളിത്തമുണ്ട്. ജൂലൈ-സെപ്തംബർ പാദവാർഷിക റിപ്പോർട്ട് പ്രകാരം എൽഐസി 995241 ഓഹരികൾ കൈവശം വെച്ചിട്ടുണ്ട്. കമ്പനിയുടെ ആകെ ഓഹരിയുടെ 1.87 ശതമാനം വരുമിത്. ബിഎസ്ഇയിലാണ് ഈ ഓഹരി ലിസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോഴത്തെ കണക്ക് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 172 കോടി രൂപയാണ്. കഴിഞ്ഞ 52 ആഴ്ചയിലെ കമ്പനിയുടെ ഏറ്റവും ഉയർന്ന ഓഹരി വില 41.50 രൂപയും ഏറ്റവും താഴ്ന്ന ഓഹരി വില 13.63 രൂപയുമാണ്.
Story Highlights : Rs 1 lakh investment now worth Rs 8 lakh in this LIC backed penny stock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here