കുറുവാ സംഘാംഗത്തെ രക്ഷിക്കാന്‍ സ്ത്രീസംഘത്തിന്റെ അപ്രതീക്ഷിത നീക്കം, കുഴിയിലൊളിച്ച് രക്ഷപ്പെടാന്‍ നോക്കിയ പ്രതി; 4 മണിക്കൂര്‍ നീണ്ട പൊലീസിന്റെ സാഹസിക ആക്ഷന്‍
ആലപ്പുഴയുടെ ഉറക്കം കെടുത്തിയ കുറുവാ സംഘവുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്ന അതിസാഹസികമായ നാലഞ്ച് മണിക്കൂറുകളിലൂടെയാണ് കേരളാ പൊലീസ് അല്‍പ്പം മുന്‍പ് കടന്നുപോയത്. അറസ്റ്റ് ചെയ്ത ആളെ രക്ഷപ്പെടുത്താന്‍ എത്തിയ സ്ത്രീകളുടെ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം മുതല്‍ ചതുപ്പില്‍ ഒളിഞ്ഞിരുന്ന പ്രതിയ്ക്കായുള്ള ദുര്‍ഘടം പിടിച്ച യാത്ര വരെ ആക്ഷന്‍ പടങ്ങളെ വെല്ലുന്ന നിമിഷങ്ങളാണ് പൊലീസ് നേരിട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വം എന്നയാളെ രക്ഷിക്കാന്‍ എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ്. പൊലീസിനെ ആക്രമിച്ച് ഇവര്‍ സന്തോഷിനെ രക്ഷിച്ചെടുത്തു. എന്നാല്‍ നാല് മണിക്കൂറുകള്‍ക്കുള്ളില്‍ സന്തോഷിനെ മാത്രമല്ല രക്ഷിക്കാന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് കുടുക്കി. (police action plan to arrest kuruva theft group)
ഒരിടത്ത് നിന്ന് പരമാവധി മോഷണം നടത്തി ജില്ല വിടുന്നതാണ് ഇവരുടെ മോഡസ് ഒപ്രാണ്ടി. എതിര്‍ക്കുന്നവരുടെ ജീവനെടുക്കാന്‍ പോലും മടിക്കാത്ത അത്യപകടകാരികളോടാണ് പൊലീസ് ഇന്ന് ഏറ്റുമുട്ടിയത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂര്‍ പാലത്തിന് താഴെയായിരുന്നു ഇയാളുടെ ഒളിയിടം. ഒരു മനുഷ്യന് നേരെ നില്‍ക്കാന്‍ വയ്യാത്തിടത്ത് കുഴി കുത്തി ശരീരം ചുരുക്കി ആ കുഴയില്‍ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ പുതച്ചാണ് ഇയാള്‍ ഒളിച്ചത്. പിടികൂടുമ്പോള്‍ ഇയാള്‍ നഗ്നനുമായിരുന്നു.
ചതുപ്പ് പ്രദേശത്ത് ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഫയര്‍ ഫോഴ്‌സിന്റേയും സഹായം തേടിയിരുന്നു. കുണ്ടന്നൂരില്‍ ലെ മെറീഡിയന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. സാഹസിക നീക്കങ്ങള്‍ക്കൊടുവില്‍ പ്രതികളെ വീണ്ടും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയാണ്.
Story Highlights : police action plan to arrest kuruva theft group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here