‘രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജൻ; തിരഞ്ഞെടുപ്പിൽ നൽകിയത് വ്യാജ അഫിഡവിറ്റ്; സന്ദീപ് തികഞ്ഞ വർഗീയവാദി’; എകെ ഷാനിബ്
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എകെ ഷാനിബ്. രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയത് വ്യാജ അഫിഡവിറ്റാണെന്ന് എകെ ഷാനിബ് ആരോപിച്ചു. ആ അഫിഡവിറ്റിൽ തന്നെ പറയുന്നു താൻ ടാക്സ് അടക്കാറില്ലെന്ന്. എന്നാൽ അദ്ദേഹം തന്നെ പറയുന്നു നിരവധി ബിസ്സിനെസ്സ് ഉണ്ടെന്ന്. ബിസ്സിനസ്സ് ഉണ്ടെങ്കിൽ ടാക്സ് അടക്കേണ്ടതില്ലേ എന്ന് ഷാനിബ് ചോദിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജനായ ഒരാളാണെന്ന് എകെ ഷാനിബ് വിമർശിച്ചു. അയാളെയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി ആക്കിയത്. ഈ വ്യാജന്മാർക്കെതിരെ കടുത്ത തിരിച്ചടി പാലക്കാട്ടുകാർ നൽകുമെന്ന് ഷാനിബ് പറഞ്ഞു. ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്കെതിരെയും ഷാനിബ് വിമർശനം ഉന്നയിച്ചു. തികഞ്ഞ വർഗീയവാദിയായ സന്ദീപിന് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാതിൽ തുറന്നിട്ടതെന്ന് ഷാനിബ് ചോദിച്ചു.
Read Also: സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് എതിർത്തിരുന്നു; വെളിപ്പെടുത്തി കെ മുരളീധരൻ
സന്ദീപ് പാർട്ടിയിലേക്ക് കടന്നുവന്നത് ഡിസിസി പ്രസിഡന്റ് പോലും അറിഞ്ഞിട്ടില്ല. കാര്യങ്ങൾ കെ മുരളീധരനും അറിഞ്ഞിട്ടില്ലെന്ന് ഷാനിബ് പറയുന്നു. അതേസമയം സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ ഒളിയുമ്പുമായി രംഗത്തെത്തിയ കെ മുരളീധരൻ ഇന്ന് ആ വിയോജിപ്പ് പരസ്യമാക്കി. സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും എതിർപ്പ് രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തിരുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി. ടി വിയിലൂടെയാണ് സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞതെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
Story Highlights : AK Shanib against Palakkad UDF candidate Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here