‘മോര്‍ പവര്‍ ടു യൂ ഗയ്‌സ്, സ്‌നേഹവും ബഹുമാനവും മാത്രം’; നയന്‍താരയ്ക്ക് പിന്തുണയുമായി ഗീതു മോഹന്‍ദാസ്
നയന്‍താരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്‍ ധനുഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിനെ തുടര്‍ന്ന് നയന്‍താരയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഗീതു നയന്‍താരയ്ക്ക് പിന്തുണ അറിയിച്ചത്.
ധനുഷിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള നയന്‍താരയുടെ തുറന്ന കത്തിനൊപ്പം ‘ഇരുവര്‍ക്കും കൂടുതല്‍ ശക്തിയും സ്‌നേഹവും ബഹുമാനവും’ എന്ന് കുറിച്ചുകൊണ്ടാണ് ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നയന്‍താരയേയും വിഘ്‌നേഷ് ശിവനേയും മെന്‍ഷന്‍ ചെയ്ത സ്റ്റോറി വിഘ്‌നേഷ് ശിവന്‍ റീഷെയര്‍ ചെയ്തിട്ടുണ്ട്.
വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്‌നേഷിനോടും പകയാണെന്നും നയന്‍താര സോഷ്യല്‍ മീഡിയയല്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.
നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍വെച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ‘ബിഹൈന്‍ഡ് ദ സീന്‍’ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ തുറന്നകത്തിലൂടെ നയന്‍താര നല്‍കിയിരിക്കുന്നത്.
Story Highlights : Geetu Mohandas Support over nayanthara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here