മെസിപ്പട കേരളത്തിലേക്ക്; അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം എത്തും
അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ എത്തും. കേരളത്തിൽ കളിക്കാനുള്ള ക്ഷണം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു. കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കും. മെസി കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് നാളെ നിർണായക പ്രഖ്യാപനം ഉണ്ടാകും. ഏഷ്യയിലെ പ്രമുഖ ടീമുമായും ദേശീയ ടീമുമായും ഓരോ മത്സരങ്ങൾ കളിച്ചേക്കും.
വേദി സംബന്ധിച്ചും അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും. സ്പോൺസർഷിപ്പ് വഴി പണം കണ്ടെത്താനാണ് നീക്കം. അർജന്റീനയുടെ വരവ് സംബന്ധിച്ച് ഔദ്യോഗികമായി മന്ത്രി നാളെ പ്രഖ്യാപിക്കും. ഈ വർഷം സെപ്റ്റംബറിൽ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പോയിരുന്നു.
നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു.
2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. ഈ വർഷം ആദ്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു. അർജന്റീന ടീമിനെ എത്തിക്കുന്നതിൽ പണം കണ്ടെത്തുന്നതിലാണ് സംസ്ഥാനം പ്രതിസന്ധി നേരിട്ടിരുന്നു. ഇത് സ്പോൺസർഷിപ്പ് വഴി പരിഹരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മെസിപ്പടയുടെ വരവ് കേരളത്തിലെ കായികരംഗത്തിന് ഉണർവ് നൽകുന്നതിൽ യാതൊരു സംശയവും ഉണ്ടാകില്ല. നാളെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.
Story Highlights : Argentina football team will come to Kerala next year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here