Advertisement

‘എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അണികള്‍ അസംതൃപ്തരാണ്, അവരെല്ലാം യുഡിഎഫിന് വോട്ടും ചെയ്യും’: കെ സുധാകരൻ

November 19, 2024
Google News 1 minute Read

സന്ദീപ് വാര്യരെ അവമതിച്ച് സിപിഐഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടി.

പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഐഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഐഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഐഎമ്മിന്റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്ങ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങള്‍ പോലുമായില്ല. അദ്ദേഹത്തെ സിപിഐഎമ്മിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുന്‍മന്ത്രി എകെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കളാണ്. അവരാണ് ഇപ്പോള്‍ സന്ദീപിനെതിരെ വര്‍ഗീയത പറയുന്നത്. ഓന്തുപോലും ഇപ്പോള്‍ രാവിലെയും വൈകുന്നേരവും ഇവരെ കണ്ട് നമസ്‌കരിക്കുകയാണ്.

മുനമ്പം പ്രശ്നം പരിഹരിക്കാന്‍ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്ത നടത്തിയ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുപഠിക്കണം. ഈ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാതിരുന്നത് വര്‍ഗീയ ശക്തികളെ ഭയന്നാണ്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷങ്ങളെ ഊതിക്കെടുത്തിയ മഹനീയ പാരമ്പര്യം പേറുന്ന സാദിഖലി തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രംഗത്തുവന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരായ വികാരവും യുഡിഎഫിന് അനൂകൂലമാണ്. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അണികള്‍ നേതൃത്വത്തിന്റെ നടപടികളില്‍ അസംതൃപ്തരാണ്. അവരെല്ലാം യുഡിഎഫിന് വോട്ടും ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran Against LDF and BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here