Advertisement

‘ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ജാംബവാന് പങ്കില്ല സുധാകരാ, ആർഎസ്എസിന് അന്ന് വഴിമരുന്നിട്ട് കൊടുത്തത് രാജീവ്ഗാന്ധി’; മന്ത്രി എം ബി രാജേഷ്

November 19, 2024
Google News 2 minutes Read

ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ ആയിരുന്നില്ല സുധാകരൻ, അത് കോൺഗ്രസുകാരനായ നരസിംഹറാവുവിൻ്റെ കാലത്തായിരുന്നെന്ന് മന്ത്രി എം.ബി. രാജേഷ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ നൽകിയ മറുപടിയെ പരിഹസിച്ചു കൊണ്ട് മന്ത്രി എം.ബി. രാജേഷ് തൻ്റെ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ജാംബവാന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ പങ്കില്ലെന്നും കോൺഗ്രസ് നേതാവ് നരസിംഹ റാവുവിൻ്റെ കാലത്താണ് ബാബ്റി മസ്ജിദ് പൊളിച്ചതെന്നും അന്നതിന് വഴിമരുന്നിട്ട് കൊടുത്തത് സാക്ഷാൽ രാജീവ്ഗാന്ധിയാണെന്നും പറയുന്നത്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ജാംബവാന് പങ്കില്ല

ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അല്ല സുധാകരൻ, കോൺഗ്രസുകാരനായ നരസിംഹ റാവുവിന്റെ കാലത്താണ് ബാബറി മസ്ജിദ് തകർത്തത്. ബാബറി മസ്ജിദിന്റെ കവാടങ്ങൾ ആരാധനയ്ക്കായി തുറന്നുകൊടുത്ത് ആർ എസ് എസിന് തർക്കമുന്നയിക്കാൻ വഴിമരുന്നിട്ടു കൊടുത്തതും ജാംബവാൻ ആയിരുന്നില്ല. രാഹുൽ- പ്രിയങ്കാ ഗാന്ധിമാരുടെ പിതാവ് ശ്രീ. രാജീവ് ഗാന്ധിയായിരുന്നു. പിന്നീട് ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസത്തിനു അനുവാദം കൊടുത്തതും ജാംബവാൻ ആയിരുന്നില്ല, കോൺഗ്രസ് നേതാവായിരുന്ന ശ്രീ. രാജീവ് ഗാന്ധി തന്നെയായിരുന്നു. 1989 ലെ കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അയോദ്ധ്യയിൽ നിന്ന് ആരംഭിച്ചതും ജാംബവാൻ ആയിരുന്നില്ല, രാജീവ് ഗാന്ധി തന്നെയായിരുന്നു. അതുകൊണ്ട് ബാബറി മസ്ജിദ് തകർത്തത് സുധാകരൻ ജാംബവാന്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട.

വാൽക്കഷ്ണം- പള്ളി പൊളിച്ചത് ജാംബവാൻ ആണെന്ന് ഗോവിന്ദൻ മാഷോ മറ്റോ പറഞ്ഞിരുന്നെങ്കിൽ, ജമാ അത്തെ ഇസ്ലാമി- എസ്ഡിപിഐ- ലീഗ്- മീഡിയ വൺ- കോൺഗ്രസ് സഖ്യം കേരളത്തിൽ ഭൂമി കുലുക്കം ഉണ്ടാക്കുമായിരുന്നില്ലേ?

Story Highlights : M B Rajesh Against K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here