നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; ആരോപണവിധേയർക്ക് മെമ്മോ നൽകി; പരാതിയിൽ നടപടികൾ സ്വീകരിച്ചെന്ന് പ്രിൻസിപ്പാളിന്റെ മൊഴി

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തി. അമ്മുവിന്റെ പിതാവ് നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചെന്ന് പ്രിൻസിപ്പാളിന്റെ മൊഴി. ആരോപണ വിധേയരായ മൂന്നു വിദ്യാർത്ഥികൾക്കും മെമ്മോ നൽകിയെന്നും മൊഴി നൽകി. രക്ഷിതാക്കളുമായി പതിനെട്ടാം തീയതി കോളജിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലാസ്സിൽ ഉണ്ടായ പ്രശ്നങ്ങൾ അവിടെത്തന്നെ തീർത്തു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഉണ്ടായിരുന്നില്ല. പ്രശ്നങ്ങളെക്കുറിച്ച് അമ്മു രേഖ മൂലം കോളേജിൽ പരാതി നൽകിയിട്ടില്ലെന്നും മൊഴി. കോളജ് സ്വീകരിച്ച നടപടിക്രമങ്ങളുടെ ഫയൽ അന്വേഷണ കമ്മീഷന് കൈമാറി. കോളജ് അധികൃതർക്ക് പുറമേ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. ആരോപണ വിധേയരായ മൂന്നു പെൺകുട്ടികളുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതർ വിവരം അറിയിക്കാൻ വൈകിയിരുന്നു. ആംബുലൻസിൽ പോകവേ ശ്രീകാര്യം എത്തുമ്പോൾ അമ്മുവിന് ജീവൻ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റൽ അധികൃതർ കുടുംബത്തോട് പറഞ്ഞിരുന്നത്. എന്നാൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
അമ്മുവിന്റെത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ വിദ്യർത്ഥിനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
Story Highlights : Principal’s statement that action has been taken on complaint in nursing student Ammu death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here