Advertisement

ട്രൈബല്‍ ഗ്രൂപ്പുകള്‍ക്കെതിരെ വര്‍ഷങ്ങളായി വംശീയ അധിക്ഷേപം; അദാനി കല്‍ക്കരി യൂണിറ്റിനെതിരെ ഓസ്‌ട്രേലിയയില്‍ മനുഷ്യാവകാശ കമ്മിഷന് പരാതി

November 22, 2024
2 minutes Read
Adani's Australian coal unit faces human rights complaint

അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലിക്കേസ് ഇന്ത്യയില്‍ സാമ്പത്തികമായും രാഷ്ട്രീയമായും വലിയ കോളിളക്കം സൃഷ്ടിക്കുന്നതിനിടെ അദാനി ഗ്രൂപ്പിനെതിരെ ഓസ്‌ട്രേലിയയില്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ പരാതി. അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി കമ്പനിയില്‍ നിന്ന് രാജ്യത്തെ ആദിമ നിവാസിള്‍ക്ക് വംശീയമായി വിവേചനം നേരിടേണ്ടി വരുന്നുവെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഈ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ കൊല്ലപ്പെടേണ്ടവരെന്നും മാലിന്യങ്ങളെന്നും ഉള്‍പ്പെടെ വിളിച്ച് അധിക്ഷേപിക്കുന്നുവെന്നാണ് പരാതി. തങ്ങളുടെ സംസ്‌കാരത്തെ അധിക്ഷേപിച്ച് തങ്ങളുടെ ഭൂമിയും ജലവും മലിനമാക്കി തങ്ങളെ ലോകത്തിന് മുന്നില്‍ ഇകഴ്ത്തികാണിച്ച് നേട്ടം കൊയ്യാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്നാണ് ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റിലെ നാഗാന യാര്‍ബെയ്ന്‍ വാംഗന്‍ ആന്‍ഡ് ജഗലിങ്കൗ കള്‍ച്ചറല്‍ കസ്റ്റോഡിയന്‍സ് നല്‍കിയ പരാതിയില്‍ പറയുന്നത്. ( Adani’s Australian coal unit faces human rights complaint)

കാര്‍മൈക്കള്‍ കല്‍ക്കരി ഖനിയ്ക്ക് സമീപമുള്ള ഡൂങ്മാബുല്ല സ്പ്രിംഗ് എന്ന വിശുദ്ധയിടത്തേക്ക് ട്രൈബല്‍ ഗ്രൂപ്പുകള്‍ പ്രവേശിക്കുന്നത് അദാനി ഗ്രൂപ്പ് വിലക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി അദാനി ഗ്രൂപ്പ് തങ്ങളെ സമൂഹത്തില്‍ വില്ലന്മാരായി ചിത്രീകരിക്കാന്‍ വംശീയ പ്രചാരണം ആരംഭിച്ചെന്നാണ് ട്രൈബല്‍ നേതാവ് അഡ്രിയാന്‍ ബുറാഗുബ്ബ ദി ഗാര്‍ഡിയനോട് പറയുന്നത്. സോഷ്യല്‍ മീഡിയയിലടക്കം വംശീയമായ ഉള്ളടക്കത്തോടെയുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രചരിപ്പിച്ചു. ഈ ഗ്രൂപ്പുകള്‍ ഫോസില്‍ വിരുദ്ധ ഇന്ധന ലോബിയുമായി ബന്ധമുള്ളവരാണെന്നും ഇവര്‍ വെറും ആക്ടിവിസ്റ്റുകള്‍ മാത്രമാണെന്നും അദാനി ഗ്രൂപ്പ് പ്രചരിപ്പിച്ചു. ഈ ആളുകള്‍ അക്രമിക്കപ്പെടേണ്ടവരാണെന്ന തരത്തിലുള്ള വംശീയ വെറി പരത്തുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ അദാനി ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും ഓസ്‌ട്രേലിയയുടെ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Read Also: മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് കല്‍ക്കരി ഖനി പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പുമായി അടിത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വംശീയ ഉള്ളടക്കമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടിയന്തരമായി നീക്കം ചെയ്ത് മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥാപനത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് ഉള്‍പ്പെടെ വംശീയതയ്‌ക്കെതിരായ ബോധവത്കരണം നല്‍കണമെന്നും ട്രൈബല്‍ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു.

Story Highlights : Adani’s Australian coal unit faces human rights complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top