മുനമ്പത്തെ സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും, ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കും

മുനമ്പത്തെ സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം നാലുമണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തുക. ഉന്നതതലയോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കും. തീരുമാനത്തിലെ സമരക്കാരുടെ ആശങ്കകളും മുഖ്യമന്ത്രി കേള്‍ക്കും.
മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ന് ഉന്നതതല യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ മന്ത്രിമാര്‍ അറിയിച്ചിരുന്നു. ഉന്നതലയോഗത്തിലുണ്ടായ തീരുമാനത്തിനെതിരെ പ്രതിഷേധക്കാര്‍ രംഗത്ത് വന്നിരുന്നു. അതുംകൂടി കണക്കിലെടുത്താണ് ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഇടപെടുന്നത്.
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമരസമിതി തള്ളിയിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിഷയത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. മുനമ്പത്ത് പ്രദേശവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രശ്നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ പരിഹാരം കാണുകയാണ് വേണ്ടത്. രേഖകള്‍ പരിശോധിക്കേണ്ട കാര്യമില്ല – ഇവര്‍ പറഞ്ഞു.
ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. പ്രശ്‌നത്തിന് പരിഹാരമാകുന്നത് വരെ നോട്ടിസ് നല്‍കരുതെന്ന് വഖഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. എവിടെ പോയാലും ചോദ്യം ചെയ്യാന്‍ കഴിയാത്ത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്തും. ആരെയും കുടിയൊഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിട്ടില്ല. രേഖ ഹാജരാക്കാന്‍ മാത്രമാണ് നോട്ടീസ് നല്‍കിയത്. അതിനെ മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കുന്നതാണ് – മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചു.
Story Highlights : CM’s meeting with Munambam Samara Samithi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here