തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ട് പേർ കസ്റ്റഡിയിൽ; ആക്രമണം ബർത്ത്ഡേ പാർട്ടിക്കിടെ
തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ആണ് പരിക്കേറ്റത്. രണ്ടു എസ്ഐമാർക്കും ഒരു സിപിഒയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. ബർത്ത്ഡേ പാർട്ടിക്കിടെയാണ് ആക്രമണം നടന്നത്.
കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷിൻ്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം നടന്നത്. അനീഷ് ഉൾപ്പെടെ എട്ടുപേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാമ്പർ അനീഷിൻ്റെ സഹോദരിയുടെ മകന്റെ ബർത്ത്ഡേ പാർട്ടിയിൽ ആണ് ആക്രമണം നടന്നത്. ഗുണ്ടകളെ പങ്കെടുപ്പിച്ച് നടത്തിയ ബർത്ത്ഡേ പാർട്ടി തടയാൻ എത്തിയ ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തിരുവനന്തപുരം ജില്ലയ്ക്കകത്തുള്ള നിരവധി ഗുണ്ടകളെ ഉൾപ്പെടുത്തിയാണ് ബർത്തഡേ പാർട്ടി നടത്തിയത്. പാർട്ടി നടത്തരുതെന്ന് നേരത്തെ അനീഷിന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നിരസിച്ചുകൊണ്ടായിരുന്നു പാർട്ടി നടത്തിയത്. പൊലീസ് എത്തുമ്പോൾ 20ഓളം ഗുണ്ടകൾ സ്ഥലത്തുണ്ടായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Story Highlights : Goons attacked Police in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here