Advertisement

മുഹമ്മദ് ഷമിക്ക് 10 കോടി; സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ഹൈദരാബാദ്

November 24, 2024
Google News 1 minute Read
Muhammad Shami

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇകഴ്ത്തുന്ന പ്രസ്താവനുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ ഇന്ത്യയുടെ മറ്റൊരു പേസര്‍ അര്‍ഷദീപ് സിങ്ങിന് സാധിക്കുമെന്നും പരിക്ക് മൂലം ഷമിയുടെ മൂല്യം കുറയുമെന്നുമായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍താരത്തിന്റെ മുഖത്തടിച്ച പോലെയായി ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഷമിയുടെ മൂല്യം. പത്ത് കോടി രൂപക്കാണ് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദില്‍ മിന്നും പ്രകടനം പുറത്തെടുക്കാനായാല്‍ ഹൈദരാബാദിന്റെ വിശ്വാസം കാക്കാന്‍ മുഹമ്മദ് ഷമിക്കും കഴിയും.

രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളായിരുന്നു ഷമിയെ പ്രധാനമായും നോട്ടമിട്ടിരുന്നത്. 9.75 കോടിക്ക് കൊല്‍ക്കത്ത വിളിച്ചതോടെ ലഖ്നൗ പിന്മാറി. തൊട്ടടുത്ത നിമിഷം 10 കോടിക്ക് ഹൈദരാബാദ് ഷമിയെ സ്വന്തമാക്കുകയായിരുന്നു. ആര്‍ടിഎം ഉപയോഗിച്ച് നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറായില്ല. ഏകദിന ലോകകപ്പിലായിരുന്നു മുഹമ്മദ് ഷമിയുടെ മിന്നുന്ന പ്രകടനം അവസാനമായി കണ്ടത്. ലോകകപ്പിന് ശേഷം പരിക്ക് മൂലം താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനായിരുന്നില്ല. ദീര്‍ഘനാള്‍ പുറത്തിരുന്ന താരം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിച്ചു. ഇവിടെ മധ്യ പ്രദേശിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയത് ശ്രദ്ധിക്കപ്പെട്ടു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം കളിച്ചെങ്കിലും വേണ്ടത്ര തിളങ്ങാന്‍ ആയിരുന്നില്ല. നാല് ഓവറില്‍ 46 റണ്‍സ് ഷമിക്ക് വിട്ടുനല്‍കേണ്ടി വന്നിരുന്നു. അതേ സമയം മികച്ച ഐപിഎല്‍ നേട്ടം താരത്തിന്റെ പേരിലുണ്ട്. 2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. പതിനേഴ് ഇന്നിങ്സുകളില്‍ നിന്നായി 28 വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു താരം പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനായത്. 2023 ഏകദിന ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ഷമിയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. അതിനിടെ സഞ്ജയ് മഞ്ജരേക്കറിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയിലുടെ ഷമി മറുപടി നല്‍കിയിരുന്നു.

Story Highlights: IPL Auction Muhammad Shami valued 10 crores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here