സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു

ഉത്തർപ്രദേശിലെ സാംഭലിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതികളെ തിരിച്ചറിഞ്ഞു വരുന്നതായി പോലീസ് അറിയിച്ചു. ഇതുവരെ രണ്ട് സ്ത്രീകളടക്കം 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു.
പുറമേ നിന്നുള്ളവർക്ക് സംഭാലിൽ വിലക്കേർപ്പെടുത്തി. സാമൂഹിക സംഘടനകൾ,ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പ്രവേശനം ഇല്ല. ജില്ലാ മജിസ്‌ട്രേറ്റ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. പ്രദേശത്തെ സ്കൂളുകൾ അടച്ചു. നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ കഴിഞ്ഞദിവസം മൂന്നുപേർ മരിച്ചിരുന്നു. ഷാഹി ജുമാ മസ്ജിദിലെ സർവ്വേയുമായി ബന്ധപ്പെട്ടാണ് സാംഭലിൽ സംഘർഷം ഉണ്ടായത്.
Read Also: അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ഷാഹി ജുമാ മസ്ജിദ് യഥാർത്ഥത്തിൽ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയെ തുടർന്നാണ് ഷാഹി ജുമാ മസ്ജിദിലെ സർവേ നടത്തിയത്. ഈ മാസം 19ന് ആദ്യഘട്ടം സർവേ നടത്തിയിരുന്നു. രണ്ടാം ഘട്ട സർവേക്കിടെയാണ് സംഘർഷമുണ്ടായത്. ആളുകൾ സംഘടിച്ച് ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും വീടുകൾ ആക്രമിക്കുകയും ചെയ്തു.
Story Highlights : Internet suspended, security heightened in UP’s Sambhal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here