‘അദാനിയുടെ 100 കോടി വേണ്ട’ ; യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ നിക്ഷേപം വേണ്ടെന്ന് വച്ച് തെലങ്കാന സര്‍ക്കാര്‍
യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രകാരം നൈപുണ്യ സര്‍വകലാശാലയ്ക്ക് 100 കോടി രൂപ നല്‍കാമെന്ന് അദാനി ഗ്രൂപ്പ് മുമ്പ് ഏറ്റിരുന്നു. ഇതിന് സംസ്ഥാനം നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. തെലങ്കാന സര്‍ക്കാരുമായും താനുമായുമുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധവുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളും തെറ്റായ ചിത്രങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന പശ്ചാത്തലത്തില്‍ നിക്ഷേപം നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അദാനി കമ്പനി ഉള്‍പ്പടെ ഒരു കമ്പനിയും ഒറ്റ രൂപ പോലും തെലങ്കാന സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഞങ്ങള്‍ക്ക് വിവാദങ്ങള്‍ക്ക് താത്പര്യമില്ല. നിക്ഷേപം നിരസിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കിക്കൊണ്ട് കത്തയച്ചിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി. പ്രീതി അദാനിക്കാണ് സര്‍ക്കാര്‍ കത്തയച്ചത്. 100 കോടി രൂപ സര്‍വകലാശാലയ്ക്ക് കൈമാറരുതെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്. സൗരോര്‍ജ കരാറുകള്‍ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
Story Highlights : Telangana CM rejects Rs 100 crore offered by Adani for Telangana Skill University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here