‘ആ ദിനം ഒരിക്കലും മറക്കാനാവില്ല’; കസബിന് തൂക്കുകയർ വാങ്ങി നൽകിയതിൽ നിർണായക മൊഴി നൽകിയ ദേവിക

മുംബൈ ഭീകരാക്രമണത്തിലെ തീവ്രവാദി അജ്മൽ കസബിന് തൂക്കുകയർ വാങ്ങിക്കൊടുക്കുന്നതിൽ നിർണായകമായത് കോടതി മുറിയിൽ ഒരു ഒൻപത് വയസ്സുകാരി നൽകിയ മൊഴിയാണ്. കസബിന്റെ തോക്കിൽ നിന്ന് വെടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട ആ പെൺകുട്ടി കോടതിയിൽ സധൈര്യം കസബിനെ ചൂണ്ടിക്കാട്ടി. ധൈര്യത്തിന്റെയും രാജസ്നേഹത്തിന്റെയും പ്രതീകമായ ദേവിക റോട്ടാവൻ ട്വന്റിഫോറിനോട് അനുഭവങ്ങൾ പങ്കുവെച്ചു.
സംഭവം നടന്നിട്ട് 16 വർഷമായി. എന്നാലും ആ ദിനം നടന്നതെല്ലാം ഇപ്പോഴും ഓർമയുണ്ട്. ഒരിക്കലും മറക്കാനാവില്ലെന്ന് ദേവിക പറയുന്നു. സംഭവ നടന്ന ദിവസം അച്ഛനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ദേവിക. അവിടെ വെച്ചാണ് ഭീകരർ വെടിയുതിർത്തത്. അതിൽ ഒരു വെടിയുണ്ട് ദേവികയ്ക്കും കൊണ്ടു. ‘അന്ന് രാത്രിയാണ് എനിക്ക് വെടിയേറ്റത്. അച്ഛനും സഹോദരനും ഒപ്പം പൂനെയിലേക്ക് പോകാനാണ് സിഎസ്ടി റെയിൽവേ സ്‌റ്റേഷനിലെത്തിയത്. ഇതിനിടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്’ ദേവിക പറയുന്നു.
Read Also: 26/11 : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്
ദേവികയുടെ കാലിലാണ് വെടിയേറ്റത്. ആറോളം ശസ്ത്രക്രിയകൾ കാലിൽ നടത്തേണ്ടിവന്നിരുന്നു. രണ്ടാമത് കസബിനെ കണ്ടത് കോടതി മുറിയിലാണെന്ന് ദേവിക പറഞ്ഞു. ‘2009ലാണ് ഞാനും അച്ഛനും കോടതിയിലെത്തിയത്. അച്ഛൻ രണ്ട് ഭീകരരെ കണ്ടു. ഞാൻ കസബിനെ തിരിച്ചറിഞ്ഞു. അന്ന് വലിയ അമർഷം തോന്നി. അന്ന് മുതൽ മനസിലുള്ള സ്വപ്‌നമാണ് പഠിച്ച് വളർന്ന് തീവ്രവാദത്തിനെതിരെ പോരാടണമെന്നുള്ളത്’ ദേവിക പറയുന്നു.
‘ഒരുപാട് കാര്യങ്ങൾ 16 വർഷങ്ങൾക്കുള്ളിൽ മാറി. ആദ്യമൊക്കെ ഒരുപാടി ഭീഷണികളുണ്ടായിരുന്നു. ചിലരൊക്കെ പിന്തുണക്കാൻ ഉണ്ടായിരുന്നു. മറ്റ് ചിലരിൽ നിന്ന് അതുണ്ടായില്ല’ ദേവിക പറയുന്നു. മകളുടെ ധീരതയെക്കുറിച്ച് പിതാവും പ്രതികരിച്ചു. ‘അവൾ രാജ്യത്തിന്റെ മകൾ അല്ലേ. വെടിയുണ്ടയെ അതിജീവിച്ചവളാണ്. കോടതിയിൽ സധൈര്യം സാക്ഷി പറഞ്ഞില്ലേ. അഭിമാനമുണ്ട്’ പിതാവ് പറയുന്നു. കസബിനെ മാത്രമല്ല ആക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളെയാണ് ഇല്ലാതാെേക്കണ്ടതെന്ന് ദേവിക പറഞ്ഞു.
Story Highlights : The Girl who identified Ajmal Kasab after 26/11 Mumbai terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here