Advertisement

‘അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍’; തൃശൂര്‍ മെഡിക്കല്‍ കോളജ് അഭിമാനമെന്ന് മന്ത്രി വീണാ ജോർജ്

November 27, 2024
Google News 1 minute Read

ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്‌ക്ലേവിയന്‍ ആര്‍ട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാല്‍ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു.

സമയം നഷ്ടപ്പെടുത്താതെ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന അതി സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് യുവാവിനെ കുത്തേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രോഗിയെ അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷന്‍ തീയറ്ററില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹൃദയത്തോട് വളരെ അടുത്തു കിടക്കുന്ന സബ്‌ക്ലേവിയന്‍ ആര്‍ട്ടറി കണ്ടെത്തുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ് എന്നിരിക്കെ രക്തം വാര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അത് കൂടുതല്‍ ശ്രമകരമായി മാറി.

ഈ ധമനിയോട് ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹമായ ബ്രാക്കിയല്‍ പ്ലക്‌സസിന് ക്ഷതം ഏല്‍പിക്കാതെ ഈ ധമനി കണ്ടെത്തി തുന്നിച്ചേര്‍ക്കുക എന്നതും മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു. ഇതില്‍ ഏതെങ്കിലും ഒന്ന് ചെറുതായെങ്കിലും പരാജയപ്പെട്ടാല്‍ രക്തം വാര്‍ന്നു നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കാം, അല്ലെങ്കില്‍ ഇടതുകൈയ്യുടെ ചലനം തന്നെ നഷ്ടപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ.

മുറിവേറ്റ ധമനിയ്ക്ക് മേല്‍ വിരലുകള്‍ കൊണ്ട് മര്‍ദ്ദം ചെലുത്തി രക്തസ്രാവം നിയന്ത്രിച്ചു നിര്‍ത്തുകയും അതേ സമയം നിമിഷ നേരം കൊണ്ട് നെഞ്ചെല്ല് തുറക്കുകയും ചെയ്തു. അടുത്തതായി രക്തം ഒഴുകിക്കൊണ്ടിരിക്കുന്ന ധമനിയെ തുന്നിച്ചേര്‍ക്കുക എന്ന കഠിനമായ ദൗത്യമായിരുന്നു. അതും വിജയകരമായി പൂര്‍ത്തിയാക്കി. അങ്ങിനെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യജ്ഞത്തിനൊടുവിലാണ് യുവാവിനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം 20 ദിവസം സര്‍ജറി 4 യൂണിറ്റ് ടീമും പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റ്സ് ടീമും മികച്ച പരിചരണം നല്‍കി. ഏതൊരു മള്‍ട്ടിസ്‌പെഷ്യാല്‍റ്റി ആശുപത്രിയോടും കിടപിടിക്കുന്ന ആധുനിക സജ്ജീകരണങ്ങളും കഴിവുറ്റ ചികിത്സാ വിദഗ്ദ്ധരും നല്‍കുന്ന നിസ്തുലമായ സേവനങ്ങളുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ആദിവാസി യുവാവിന് കരുതല്‍ ഒരുക്കിയത്.

Story Highlights : Veena George Praises Thrissur Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here