Advertisement

‘ഗോവ പിടിച്ചെടുക്കാനായില്ല’; ഒരു ഗോളിന് സ്വന്തം ഗ്രൗണ്ടില്‍ പരാജയം സമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

November 28, 2024
Google News 2 minutes Read
Boris Sing

പൊരുതി കളിച്ചിട്ടും ഗോള്‍ മാത്രം കണ്ടെത്താനാകാതെ പോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് നാലാമത്തെ ഹോം മാച്ചിലും പരാജയഭാരം. ഇത്തവണ ശക്തരായ എഫ്‌സി ഗോവയോടാണ് കൊച്ചിയിലെ സ്വന്തം സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുമ്പില്‍ ഏക ഗോളിന് പരാജയപ്പെട്ടത്. ആദ്യപകുതിയില്‍ ആയിരുന്നു കേരളത്തെ ഞെട്ടിച്ച് ഗോവന്‍ ഗോള്‍ പിറന്നത്. ഗോവന്‍ പ്രതിരോധനിര താരം ബോറിസ് സിങ് ആണ് ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ നിന്ന് സാഹില്‍ ടവോറ നീട്ടിയ പന്ത് ശക്തമായ അടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ കൈകളില്‍ തട്ടി ഗോളായി മാറുകയായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ബ്ലാസ്റ്റേഴ്‌സ് പകുതിയിലേക്ക് വലതുവിങ്ങിലൂടെ കയറിയെത്തിയ ബോറിസ് സിങിന് കൃത്യമായി സാഹില്‍ നല്‍കിയ പന്ത് ബോറിസ് ക്രോസ് നല്‍കുന്നതിന് പകരം സച്ചിന്‍ സുരേഷിനെ പരീക്ഷിക്കുകയായിരുന്നു. ഇതാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.

പന്ത് കൈവശം വെച്ച് നീക്കങ്ങള്‍ മെനയുന്നതിലും പാസിങിലും മുന്നിട്ടുനിന്നെങ്കിലും സന്ദേശ് ജിങ്കാന്‍, ബോറിസ് സിങ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ത ഗോവന്‍ പ്രതിരോധം ഗോളടിക്കാന്‍ മാത്രം കേരളത്ത സമ്മതിച്ചില്ല. ഓണ്‍ ടാര്‍ഗറ്റിലേക്ക് രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സ് തൊടുത്തത്. ടോട്ടല്‍ ഫുട്‌ബോളിന് ശ്രമിച്ച കേരളത്തിന്റെ ഗോള്‍മുഖം ഒഴിഞ്ഞുകിടന്നപ്പോള്‍ പലപ്പോഴും കൗണ്ടര്‍ അറ്റാക്കുകള്‍ തീര്‍ത്ത് ഗോവ ഭീഷണി തീര്‍ത്തു. മത്സരം നിശ്ചിത സമയവും പിന്നിട്ട് അധികസമയത്തേക്ക് കടന്ന 96-ാം മിനുട്ടില്‍ സമനില ഗോളിനുള്ള അവസരം സന്ദീപ് പാഴാക്കുന്ന കാഴ്ച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തീര്‍ത്തും നിരാശരാക്കി. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ വലതുവിങ്ങില്‍ നിന്ന് സന്ദീപ് എടുത്ത ഷോട്ട് ഒന്നാംപോസ്റ്റില്‍ പോലും തൊടാതെ പുറത്തേക്ക് പോയി. ചെന്നൈയിന്‍ എഫ്‌സിയോട് മൂന്ന് ഗോള്‍ ആധികാരിക വിജയം നേടിയ ബ്ലാസ്റ്റേഴ്‌സിന് പത്തുമത്സരങ്ങളില്‍ നിന്നും 11 പോയന്റുകളാണ് സമ്പാദ്യം. അവസാനത്തെ അഞ്ചുമത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

Story Highlights: Kerala Blasters vs FC Goa match final result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here