Advertisement

ലിവര്‍പൂളിന് മുന്നില്‍ പതറി എംബാപെയും സംഘവും; റയലിന്റെ പരാജയം രണ്ട് ഗോളിന്

November 28, 2024
Google News 2 minutes Read
Liverpool vs Real Madrid

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ റയലിനെ വീഴ്ത്തി ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാംപകുതിയിലെ 52-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മാക് അലിസ്റ്റര്‍ ആണ് ലിവര്‍പൂളിനായി ആദ്യഗോള്‍ കണ്ടെത്തിയത്. അയര്‍ലാന്‍ഡ് താരം കോണോര്‍ ബ്രാഡ്‌ലിയുടെ അസിസ്റ്റില്‍ നേടിയ ആദ്യഗോളിന് ശേഷം എഴുപതാം മിനിറ്റില്‍ ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും സൂപ്പര്‍താരം മുഹമ്മദ് സലാ എടുത്ത കിക്ക് പാഴായി. തുടര്‍ന്ന് 76-ാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡ് താരം റോബര്‍ട്ടസ്‌ന്റെ പാസില്‍ നിന്ന് നെതര്‍ലന്‍ഡ്‌സ് താരം കോഡി ഗാക്‌പോയാണ് രണ്ടാം ഗോള്‍ നേടിയത്.

മുഹമ്മദ് സലായെ പോലെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കും പെനാല്‍റ്റി കിക്ക് നഷ്ടമായി. നിലവില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഏറിയ സമയവും പന്ത് ലിവര്‍പൂളാണ് കൈവശം വെച്ചത്. കൂടുതല്‍ ഗോള്‍ വീഴാതെ റയലിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചെടുത്തത് ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോ ആയിരുന്നു. ഇദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ സേവുകള്‍ കാരണം കൂടുതല്‍ ഗോള്‍ കണ്ടെത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. ഇതിന് തെളിവായിരുന്നു ആദ്യപകുതി.

Read Also: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാമത്

ഒരു ഗോള്‍ പോലും കയറാത റയല്‍ ഗോള്‍വലയം സുരക്ഷിതമാക്കുന്നതില്‍ തിബോ കോര്‍ട്ടോ കാത്തു. ലിവവര്‍പൂള്‍ ഒരു ഗോള്‍ ലീഡില്‍ ആയതിന് തൊട്ടുപിന്നാലെയാണ് സമനിലക്കുള്ള അവസരം എംബാപ്പെ കളഞ്ഞുകുളിച്ചത്. 59-ാം മിനിറ്റില്‍ ആന്‍ഡ്രു റോബര്‍ട്സണ്‍, വാസ്‌കസിനെ ഫൗള്‍ ചെയ്തതിന് റയലിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു റഫറി. പക്ഷേ എംബാപ്പെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ കെല്ലഹര്‍ തടുത്തിട്ടു. എഴുപതാം മിനിറ്റിലാണ് ലീഡ് ഉയര്‍ത്താനുള്ള അവസരം മുഹമ്മദ് സലാ പാഴാക്കിയത്. സലായുടെ കിക്ക് ലക്ഷ്യം പിഴച്ച് പുറത്തേക്ക് പാഞ്ഞു. ആറ് മിനിറ്റുകള്‍ക്കുശേഷം ലിവര്‍പൂള്‍ രണ്ടാം ഗോളും കണ്ടെത്തി. ഈ വിജയത്തോടെ ഇതുവരെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. 15 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. അഞ്ചില്‍ മൂന്ന് മത്സരങ്ങളും തോറ്റ റയല്‍ ആകട്ടെ ആറ് പോയിന്റുമായി 24-ാം സ്ഥാനത്തുമാണ്.

Story Highlights: Liverpool vs Real Madrid Champions League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here