ഭീകരരെ നേരിടാൻ എൻ എസ് ജി കമാൻഡോസ്: ജമ്മുവിൽ സ്ഥിരമായി വിന്യസിച്ചേക്കുമെന്ന് റിപ്പോർട്ട്

ജമ്മുകാശ്മീരിൽ ഭീകരാക്രമണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എൻ എസ് ജി കമാൻഡോസിന്റെ പ്രത്യേകസംഘത്തെ ജമ്മുവിൽ വിന്യസിക്കുമെന്ന് റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ജമ്മു നഗരത്തിൽ തന്നെയായിരിക്കും ഈ തീവ്രവാദ വിരുദ്ധ യൂണിറ്റിന്റെ താവളം.
ജമ്മു സിറ്റിയിൽ എൻ എസ് ജി കമാൻഡോസിനെ സ്ഥിരമായി നിർത്താനും തീരുമാനം ഉള്ളതായാണ് വിവരം. അടിയന്തര സാഹചര്യങ്ങളിൽ ജമ്മു കാശ്മീരിന്റെ ഏത് ഭാഗത്തേക്കും കമാൻഡോസിന് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കും എന്നതാണ് ഇതിന് കാരണം. ജമ്മു, ദോട, കത്തുവാ, റമ്പാൻ, റീസി, കിഷ്ത്വർ, പൂഞ്ച്, രാജോരി, ഉദ്ധംപൂർ, സാമ്പാ എന്നീ ജില്ലകൾ ഉൾപ്പെട്ടതാണ് ജമ്മു മേഖല. ഈ പത്തിൽ എട്ടു ജില്ലകളിലും ഈ വർഷം ഭീകരാക്രമണം ഉണ്ടായി. 18 സുരക്ഷാ ഉദ്യോഗസ്ഥരും 14 സാധാരണക്കാരും വീരമൃത്യു വരിച്ചു. 13 ഭീകരവാദികളും കൊല്ലപ്പെട്ടു.
കഴിഞ്ഞ 10 വർഷത്തിനിടെ ഭീകരാക്രമണങ്ങളിൽ വലിയ കുറവുണ്ടായിരുന്ന പൂഞ്ച്, രാജോരി മേഖലകളിലും ഇത്തവണ ആക്രമണങ്ങൾ ഉയർന്നു. 2021 ഒക്ടോബറിന് ശേഷം സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിലൂടെ നൂറോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 47 പേർ സുരക്ഷാ സൈനികരാണ്. ഭീകരവാദത്തെ ചെറുക്കാൻ സൈന്യവും പോലീസും കേന്ദ്ര സായുധ പോലീസ് സേനകളും മേഖലയിലാകെ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും സമീപകാലത്തായി ആക്രമണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എൻ എസ് ജി കമാൻഡോസിനെ വിന്യസിക്കുന്നത്.
Story Highlights : NSG sets up hub in Jammu amid spurt in terror attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here