BMW ഉടമകള്‍ക്കും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം
സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. ഇതുമായതി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ബിഎംഡബ്‌ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.
ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്‌തത്. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു.
പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ് നിർദേശം നൽകിയത്.
Story Highlights : vigilance enquiry in pension fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here