ഭീകരവാദ ബന്ധം : ജമ്മുകശ്മീരിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ലെഫ്റ്റനന്റ് ഗവർണർ പുറത്താക്കി

ഭീകരവാദബന്ധം ഉണ്ടെന്ന് കണ്ടെത്തലിന് പിന്നാലെ രണ്ടു സർക്കാർ ജീവനക്കാരെ ജമ്മു കാശ്മീരിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സർവീസിൽ നിന്ന് പുറത്താക്കി. ഭരണഘടനയിലെ സെക്ഷൻ 311 (2) (c) വകുപ്പ് പ്രകാരമാണ് ലെഫ്റ്റനന്റ് ഗവർണറുടെ നടപടി. സ്കൂൾ അധ്യാപകനായ സഹീർ അബ്ബാസ്, ഫാർമസിസ്റ്റ് ആയ അബ്ദുൾ റഹ്മാൻ നൈക എന്നിവരാണ് പുറത്താക്കപ്പെട്ടത്.
കുൽഗാം ദേവസർ സ്വദേശിയാണ് അബ്ദുൽ റഹ്മാൻ നൈക. 1992 ലാണ് ഇദ്ദേഹം സർക്കാർ സർവീസിൽ ജോയിൻ ചെയ്തത്. ദേവസർ സ്വദേശിയായിരുന്ന ഗുലാം ഹസൻ ലോൺ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അബ്ദുൽ റഹ്മാൻ നൈക്കയുടെ ഭീകരബന്ധം വെളിച്ചത്തായി. കടുത്ത ദേശീയവാദിയായിരുന്ന ഗുലാം ഹസൻ ലോണിന്റെ മൂന്നു മക്കളും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്. 2021 ഓഗസ്റ്റ് മാസത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വധിച്ച് താഴ്വരയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഹിസ്ബുൾ മുജാഹിദിന്റെ ശ്രമങ്ങൾക്ക് പ്രദേശവാസിയായ അബ്ദുൾ റഹ്മാൻ നൈക ചുക്കാൻ പിടിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. റഹ്മാനും അദ്ദേഹത്തിന്റെ കൂട്ടാളികളും ആയുധങ്ങളുമായാണ് പിടിയിലായത്. ഇവരിൽനിന്ന് ഗ്രാനേഡുകളും എ കെ 47 വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു.
കിഷ്തവർ പ്രവിശ്യയിലെ ബദത്ത് സരൂർ സ്വദേശിയായ സഹീർ അബ്ബാസ് അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. 2012ൽ ബുഗ്രാനാ ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറിയതാണ് ഇദ്ദേഹം. ഹിസ്ബുൾ മുജാഹിദീൻ ഭീകരരായ മുഹമ്മദ് അമീൻ, റിയാസ് അഹമ്മദ്, മുദസിർ അഹമ്മദ് എന്നിവർക്ക് ഒളിത്താവളം ഒരുക്കിയതാണ് ഇയാൾ ചെയ്ത കുറ്റം. കോട് ബൽവാലിലെ സെൻട്രൽ ജയിലിലാണ് ഇദ്ദേഹം ഇപ്പോൾ ഉള്ളത്.
Story Highlights : J&K Lt Governor fires 2 government employees who had terror links
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here