Advertisement

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

December 1, 2024
Google News 1 minute Read
rain

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവധിയെടുത്ത റവന്യൂ വകുപ്പ് ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്ത നിവാരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എല്ലാ റവന്യൂ ഓഫീസുകളും സജ്ജമാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണം.

പത്തനംതിട്ടയില്‍ ശക്തമായ മഴ തുടരുന്നു. മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read Also: മുണ്ടക്കൈ – ചൂരൽമല ദുരന്തം; സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പ് നൽകിയെന്ന് കെ.വി തോമസ്

വയനാട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ശക്തമായ മഴയില്‍ ശബരിമല പാതയില്‍ എരുമേലി അട്ടിവളവിനു സമീപം മണ്ണിടിഞ്ഞു. സംഭവം വൈകീട്ട് നാലുമണിയോടെയായിരുന്നു ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ടീമും ക്യുക്ക് റസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്ന് മണ്ണ് നീക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കോട്ടയം ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സേവനം ലഭിക്കും.

Story Highlights : Heavy rain in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here