പാബ്ലോ എസ്‌കോബാറിന്റെ വധത്തിന് 31 വയസ്
ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളിലൊരാളായി കണക്കാക്കുന്ന കൊളംബിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിനെ പൊലീസ് വധിച്ചിട്ട് ഇന്ന് 31 വര്‍ഷം. 1949 ഡിസംബര്‍ 1ന് ജനിച്ച് 1993 ഡിസംബര്‍ 2 ന് പൊലീസ് ബുള്ളറ്റില്‍ അവസാനിച്ച ആ ജീവിതം, മരണശേഷവും കൊളംബിയയിലെ മെഡലിന്‍ പട്ടണത്തിന് മേല്‍ കരി നിഴല്‍ വീഴിക്കുന്നുണ്ട്. (colombian drug lord pablo escobar killed 30 years ago)
ദരിദ്രനായി ജനിച്ച് വാഹനമോഷണം, നിരോധിച്ച ലഹരിവസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ പതിയെ മയക്കുമരുന്നുകളുടെ ലോകത്തേക്കും കടന്ന എസ്‌കോബാര്‍, സര്‍ക്കാരിനും പൊലീസ് ഫോഴ്‌സിനും തലവേദനയായി മാറി. അധികൃതരുടെ കണ്ണില്‍ കരടായിരുന്നുവെങ്കിലും കൊളംബിയയിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് എസ്‌കോബാര്‍ മഹത് വ്യക്തിയായിരുന്നു. കാരണം ദരിദ്രര്‍ക്ക് വീടുകളും ആശുപത്രികളും പണിത് കൊടുത്ത് കൊളംബിയക്കാരെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ തന്റെ ബിസിനസിന് ഇടക്കോലിടാന്‍ വരുന്നവരെ ആരെന്നോ എന്തെന്നോ നോക്കാതെ നിര്‍ദയം പിഴുത് കളയാനും എസ്‌കോബാര്‍ മടിച്ചില്ല. എസ്‌കോബാറിന്റെ കത്തിക്കിരയായവരില്‍ പോലീസുകാര്‍ മുതല്‍ ജഡ്ജിമാര്‍ വരെ ഉള്‍പ്പെടും.അക്കാലത്തു കൊളംബിയ ലോകത്തെ മയക്കുമരുന്ന് സംഘങ്ങളുടെ ആസ്ഥാനമെന്ന പേരിലറിയപ്പെട്ടു. ലോകത്തെ ഏറ്റവും അപകടകരമായ നഗരമെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച മെഡിലിനില്‍ പടര്‍ന്നു പന്തലിച്ച ഈ ബിസിനസ് കാരണം 1983നും 1994 നും ഇടയില്‍ 46612 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
കൊക്കൈന്‍ കടത്തലടക്കമുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്കായി കൊളംബിയയില്‍ 1976 ല്‍ നിലവില്‍ വന്ന മെഡിലിന്‍ കാര്‍ട്ടലിന്റെ ആദ്യത്തെയും അവസാനത്തെയും നേതാവായിരുന്നു എസ്‌കോബാര്‍. അമേരിക്കയിലേക്ക് കൊക്കൈന്‍ കടത്തുന്ന മാര്‍ഗം വര്‍ഷങ്ങളോളം കുത്തകയാക്കി വെച്ച ഇവര്‍, 80 ടണ്‍ കൊക്കൈന്‍ വരെ അക്കാലത്തു സുലഭമായി കടത്തി. 80 കളുടെ അവസാനവും 90 കളുടെ ആദ്യവും എസ്‌കോബാര്‍ ലോകത്തെ ഏറ്റവും ഭീകരനായ ക്രിമിനല്‍ എന്നറിയപ്പെട്ടു. പെരുകിയ കുറ്റകൃത്യങ്ങള്‍ നഗരത്തിന്റെ നില തെറ്റിച്ചപ്പോള്‍ മെഡലിനിലെ മയക്കുമരുന്ന് സംഘത്തിന്റെ പോക്കിന് തടയിടാന്‍ ശ്രമം തുടങ്ങിയ കൊളംബിയന്‍ പൊലീസ് 1993 ഡിസംബര്‍ 2 ന് എസ്‌കോബാറിനെ വധിച്ചു. ഒരു തലമുറയെ മുഴുവന്‍ ലഹരിയുടെ പാത പിന്തുടരാന്‍ പ്രേരിപ്പിച്ചിട്ടും, പാബ്ലോ എസ്‌കോബാര്‍ ഇന്ന് കൊളംബിയയുടെയും മെഡിലിന്‍ പട്ടണത്തിന്റെയും മേല്‍വിലാസമായി നിലകൊള്ളുന്നു.
Story Highlights : colombian drug lord pablo escobar killed 30 years ago
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here