‘എന്റെ കടമയും അച്ഛന്റെ വാക്കും തിരിച്ചറിയുന്നു’; തന്റെ പഠനവും ഗവേഷണവും പുസ്തകമാക്കാന്‍ ജ്യോതികുമാര്‍ ചാമക്കാല
തന്റെ എഴുത്തുകളും പഠനങ്ങളും ഉടന്‍ പുസ്തകമാക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അതിയായ താത്പര്യം കൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, നിയമം മുതലായ മേഖലകളില്‍ താന്‍ നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും തന്റെ എഴുത്തുകളും പുസ്തകരൂപത്തിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് ജ്യോതികുമാര്‍ അറിയിച്ചത്. സ്‌കൂള്‍ കാലം മുതലേ തനിക്ക് എഴുത്തിനോട് താത്പര്യമുണ്ടായിരുന്നെന്ന് ജ്യോതികുമാര്‍ പറഞ്ഞു. എഞ്ചിനീയറിംഗ് പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുന്നതിനിടയിലാണ് ഗവേഷണത്തിനും പഠനത്തിനുമായി സമയം നീക്കിവച്ചത്. പഠിത്തമായാലും പ്രവര്‍ത്തനമായാലും പൊതുസമൂഹത്തിനും വരും തലമുറക്കും ഉപകാരപ്പെടുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കണമെന്ന അച്ഛന്റെ ഉപദേശമാണ് തന്റെ വഴികാട്ടി. അച്ഛന്റെ വാക്ക് കടമയായി മനസിലേറ്റെടുത്ത് കൊണ്ട് പൊതുസമൂഹത്തിനും പുതുതലമുറക്കും ഉപകാരപ്പെടാന്‍ തന്റെ പഠനങ്ങളും ചിന്തകളും പുസ്തകമാക്കുകയാണെന്ന് ജ്യോതികുമാര്‍ പറഞ്ഞു. (Jyothikumar Chamakkala fb post about his new book)
പുസ്തകം ലേഖനങ്ങളുടെ സമാഹാരമായിരിക്കുമോ അതോ ആത്മകഥയോ ഓര്‍മക്കുറിപ്പുകളോ ആയിരിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തന്റെ കുട്ടിക്കാലത്തെ അവധിക്കാല അനുഭവങ്ങള്‍ ഉള്‍പ്പെടെ വിവരിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിലൂടെയാണ് ജ്യോതികുമാര്‍ പുസ്തകത്തിന്റെ കാര്യം പ്രഖ്യാപിച്ചത്.
ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
അതെ, അയാള്‍ പുസ്തകം എഴുതാന്‍ തുടങ്ങുകയാണ്…..
സ്‌കൂള്‍ അവധികാലത്ത് അമ്മയുടെ വീടായ ചവറ പുതുക്കാട്, കല്ലേക്കുളം നെടിയേഴത്ത് വീട്ടിലേക്ക് പോകും. നാലഞ്ച് ഏക്കറില്‍ വിശാലമായ പറമ്പും വീടും. തെക്കുവശത്തു കലങ്ങിനോട് ചേര്‍ന്നും പടിഞ്ഞാറുവശത്തും നിരവധി വീടുകളുണ്ട്; എന്റെ പ്രായക്കാരായ നിരവധി കുട്ടികളും. ഞങ്ങളെല്ലാവരും കൂടി ചേര്‍ന്നാല്‍ ഒരു പ്രൈമറി സ്‌കൂള്‍ തുടങ്ങാനുള്ള അംഗസംഖ്യയുണ്ടാകും.
സാറ്റ്, കളിപ്പന്ത്, വണ്ടികെട്ടല്‍, കഥ പറച്ചില്‍, പാട്ട് തുടങ്ങി സകലകലാവല്ലഭന്മാരായ ഒരുകൂട്ടം കുട്ടിസംഘം. നേരം പുലരുമ്പോള്‍ തുടങ്ങി ഇരുട്ടുവോളം ഞങ്ങള്‍ അവധിക്കാലം കെങ്കേമമായി ആഘോഷിക്കും. ആകെയുള്ള ബ്രേക്ക് ഭക്ഷണസമയത്ത് അമ്മൂമ്മയുടെ കര്‍ശനമായ നോട്ടം മാത്രമാണ്.
അങ്ങനെയൊരു അവധിക്കാലം കഴിഞ്ഞ് തിരികെ എന്റെ അഞ്ചലിലെ വീട്ടില്‍ എത്തിയപ്പോള്‍ മനസ്സിന് വല്ലാത്ത പ്രയാസം. അമ്മൂമ്മയുടെ സ്‌നേഹം, കൂട്ടുകാര്‍, സ്വാതന്ത്ര്യം എല്ലാം സ്വിച്ചിട്ടപോലെ നിന്നത് എന്റെ കുഞ്ഞുമനസ്സിന് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല. അസ്വസ്ഥമായ മനസ്സില്‍ തോന്നിയത് ഒരു ചെറുകഥയായി നോട്ടുബുക്കിന്റെ രണ്ടുപേജില്‍ കോറിയിട്ടു. ആറു വയസ്സുകാരന്റെ ഗൃഹാതുരത്തിന്റെ ആദ്യവരികള്‍.
അവധിക്കാലം കഴിഞ്ഞ് മടങ്ങിവന്ന എന്നിലെ മ്ലാനത അച്ഛന്‍ ശ്രദ്ധിച്ചു. ആയിരക്കണക്കിന് കുട്ടികളെ കണ്ടിട്ടുള്ള ഹെഡ്മാസ്റ്ററായ അച്ഛന് എന്നില്‍ വന്ന മാറ്റം തിരിച്ചറിയാന്‍ ഒരു നിമിഷം മതിയല്ലോ! എന്നെ അമ്മയുടെ മുന്നില്‍നിറുത്തി അച്ഛന്റെ സൗമ്യസ്വരം, എന്തുപറ്റി മോനേ… തല കുനിച്ചു നിന്ന എനിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. തോളത്തു കൈവെച്ച് അച്ഛന്റെ ചോദ്യം, പറ മോനേ എന്താ പറ്റിയത്? അച്ഛന്റെ മുഖത്തേക്ക് ഞാന്‍ തല ഉയര്‍ത്തി. എന്റെ കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നു, തിരിഞ്ഞെന്റെ നോട്ട്ബുക്ക് എടുത്ത് ഞാനെഴുത്തിയ പേജ് അച്ഛന് നേര്‍ക്ക് നീട്ടി. അച്ഛന്റെ കണ്ണ് പ്രകാശവേഗത്തില്‍ വരികളിലൂടെ സഞ്ചരിച്ചു. അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ചു, എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട അമ്മയും കരയുന്നു. അച്ഛന്റെ കയ്യില്‍നിന്ന് നോട്ട്ബുക്ക് വാങ്ങി അമ്മയും നോക്കുന്നു.
എന്റെ എഴുത്ത് നന്നായി എന്ന് പറഞ്ഞുതുടങ്ങി 6 വയസ്സുള്ള എന്നിലെ കുട്ടിക്ക് മനസ്സിലാകുന്ന വാക്കുകളിലൂടെ പിന്നെ കുറേനേരം അച്ഛന്‍ എന്നോട് സംസാരിച്ചു.
സ്‌കൂള്‍ പഠിനത്തിന് ഇടയില്‍ എന്റെ ചെറിയ എഴുത്തുകള്‍ തുടര്‍ന്നു.
വര്‍ഷങ്ങള്‍ നീങ്ങി, അഞ്ചാം ക്ലാസില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോടൊപ്പം പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു. പിന്നെ മെഡിസിന് ചേരണമെന്ന അച്ഛന്റെ ആഗ്രഹം എഞ്ചിനിയറിഗ് പഠനത്തിന് പോകണം എന്ന എന്റെ ആഗ്രഹത്തിന് കീഴ്‌പ്പെട്ടു. അച്ഛന്റെ ഉപദേശം, നീ എഞ്ചിനിയറിഗ് പഠിച്ചോളൂ, ഒന്നുമാത്രം ”പഠിത്തമായാലും പ്രവര്‍ത്തനമായാലും പൊതുസമൂഹത്തിനും വരും തലമുറക്കും ഉപകാരപ്പെടുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കണം”. ശരിയെന്ന് ഞാന്‍ തലയാട്ടി!
എഞ്ചിനിയറിഗ് പഠനം കഴിഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിരക്കില്‍ ഓടുമ്പോഴും എന്റെ ഇഷ്ടവിഷയങ്ങളായ ”വിദ്യാഭ്യാസം, ആരോഗ്യം, നിയമം” എന്നിവയില്‍ പറഞ്ഞാല്‍ തീരാത്തത്ര പഠനവും ഗവേഷണവും ഞാന്‍ നടത്തുന്നു. എന്നാല്‍ അച്ഛന്റെ വാക്ക് എന്നിലെ കടമയായി കടമായി നിലനില്‍ക്കുകയാണ്. അതുകൊണ്ട് ഇത് പൊതുസമൂഹത്തിനും പുതുതലമുറക്കും ഉപകാരപ്പെടാന്‍ പുസ്തക രൂപത്തിലേക്ക് മാറ്റണം എന്ന തീരുമാനത്തിലേക്ക് എത്തി.
പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ ഇത് എത്രനാളുകൊണ്ട് സാധ്യമാകുമെന്ന് അറിയില്ല, എങ്കിലും അച്ഛന്റെ വാക്കും എന്റെ കടമയും ഞാന്‍ തിരിച്ചറിയുന്നു, അതെ ഞാന്‍ പുസ്തകം എഴുതാന്‍ തുടങ്ങുകയാണ്… നിങ്ങളുടെ അനുഗ്രഹം കൂടെ ഉണ്ടാകണം.
Story Highlights : Jyothikumar Chamakkala fb post about his new book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here