പണം കൈമാറ്റം ചെയ്യാൻ 650-ഓളം ഇടപാടുകൾ നടത്തി; 20കാരൻ സ്വന്തമാക്കിയത് BMW ബൈക്ക്; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ആഢംബര ജീവിതം

ഓൺലൈൻ തട്ടിപ്പുകേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തി പൊലീസ്. എറണാകുളം വാഴക്കാല സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാല് കോടിയിലേറെ രൂപ കൈമാറ്റം ചെയ്യാൻ 650-ഓളം ഇടപാടുകൾ നടത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലുള്ള അക്കൗണ്ടിലൂടെയും തട്ടിപ്പ് പണം കൈമാറ്റം ചെയ്തു.
ഓൺലൈൻ തട്ടിപ്പിന്റെ ഉറവിടം തേടി കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതുവഴികളുടെ വിശദവിവരങ്ങൾ പോലീസിന് ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ അടക്കം സംഘത്തിൽ ചേർത്താണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ആവശ്യത്തിന് പണവും ആഡംബരവും വാഗ്ദാനം ചെയ്താണ് കുട്ടികളെ വലയിൽ വീഴ്ത്തുന്നത്. തട്ടിപ്പ് സംഘത്തിൽപ്പെട്ട 20 വയസ്സുകാരൻ ബിഎംഡബ്ലിയു ബൈക്ക് വാങ്ങിയതോടെ സമപ്രായത്തിലുള്ള കൂടുതൽ കുട്ടികളെ സംഘത്തിലേക്ക് ആകർഷിക്കാനായി.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് കോടിക്കണക്കിന് രൂപയാണെന്നും പോലീസ് കണ്ടെത്തി. എറണാകുളം വാഴക്കാല സ്വദേശിയെ കബളിപ്പിച്ച് എടുത്ത 4.11 കോടി രൂപ 480 അക്കൗണ്ടുകൾ വഴിയാണ് കൈമാറ്റം ചെയ്തത്. ഈ അക്കൗണ്ടുകളിലൂടെ 650 ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടി രൂപ നിലവിലുള്ള അക്കൗണ്ട് പോലീസ് മരവിപ്പിക്കുകയും ചെയ്തു.
രാജസ്ഥാൻ പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നും തട്ടിപ്പുകാർ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്ക് പണം എത്തിച്ചിട്ടുണ്ട്. സർക്കാർ സ്കോളർഷിപ്പുകൾ നൽകുന്നതിനായി ബാങ്കുകളിൽ തുടങ്ങിയ കുട്ടികളുടെ അക്കൗണ്ടുകൾ പോലും തട്ടിപ്പുകാർ ഉപയോഗിച്ചു എന്നത് ഞെട്ടിക്കുന്ന വിവരമാണ് ‘ബാങ്കുകളിൽ ഇത്തരം അക്കൗണ്ടുകൾ തുടങ്ങാനായി പരിചയപ്പെടുത്തൽ നടത്തിയ ആളുകളെയും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണ് പോലീസിന്റെ തീരുമാനം.
Story Highlights : Around 650 transactions were made to transfer four crores of fraudulent money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here