Advertisement

ഹലോ ഒടിപി ഉണ്ടോ? ഒരു അറസ്റ്റ് ഉണ്ടേ! വ്യാജന്മാരെ സൂക്ഷിക്കുക: ഡിജിറ്റൽ‍ തട്ടിപ്പ് വ്യാപകമാകുമ്പോൾ

December 18, 2024
Google News 2 minutes Read
digital frauds in Kerala

ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ഡിജിറ്റൽ തട്ടിപ്പ് ശ്രമം വർദ്ധിച്ച് വന്നുകൊണ്ടിരിക്കുക ആണ്. സാധാരണക്കാർ മുതൽ രാഷ്ട്രപതിയുടെ പേരിൽ വരെ ഡിജിറ്റൽ തട്ടിപ്പ് നടന്നു. ഇന്ത്യയിൽ യുവാക്കൾക്കിടയിൽ ഡിജിറ്റൽ സാക്ഷരതയുള്ളവർ 29 ശതമാനമേയുള്ളു. പ്രായവർക്കിടയിൽ ഡിജിറ്റൽ സാക്ഷരതാ നാമമാത്രമാണ്. ഇത് മുതലെടുത്ത് തട്ടിപ്പു നടക്കുന്നത് സാധാരണയാകുന്നു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് മുതൽ ഒടിപി ആവശ്യപ്പെട്ട് വരെയുള്ള തട്ടിപ്പാണ് സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത്.

തട്ടിപ്പുസംഘങ്ങൾ ഇപ്പോഴുപയോഗിക്കുന്ന ഒരു കെണിയാണ് ഡിജിറ്റൽ അറസ്റ്റ്. വ്യക്തികളെ തട്ടിപ്പ് കേസിൽ അകപ്പെട്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിൻ്റെ ഭാഗമായുള്ളതാണ് ഇത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദം, വീഡിയോ കോൾ വഴി അന്വേഷണ ഏജൻസിയിൽ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിക്കുക. പിന്നീട് ആധാറും ഫോൺ ന്പറും ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നെന്നും പ്രതികളിലൊരാളാണെന്നും പറഞ്ഞ് ഭയപ്പെടുത്തും. വ്യക്തിയോട് വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ട് മണിക്കൂറകളോളം തടഞ്ഞുവെക്കും. ഇതാണ് ഡിജിറ്റൽ അറസ്റ്റ്. ഇങ്ങനെ വീഡിയോ കോളിൽ തുടരുമ്പോൾ മാനസിക സമ്മർദ്ദത്തിന് കീഴ്പ്പെടുന്ന വ്യക്തിയോട് കേസ് ഒഴിവാക്കി തരണമെങ്കിൽ പണം നൽകണമെന്ന് വളരെ സ്വാഭാവികമെന്നോം സൂചിപ്പിക്കും. ചിലർ ഭയന്ന് പണം നൽകും. ഇങ്ങനെ നിരവധി തട്ടിപ്പാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നടന്നത്.

മിക്കതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിഡിയോ കോൾ. പൊലീസിന്റെ വേഷം ധരിച്ചും സിബിഐ ആണെന്നും പറഞ്ഞു നിരവധി പേരെ തട്ടിപ്പിനിരയാക്കി. എന്നാൽ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ഉൾപ്പെടെ രം​ഗത്തെത്തി. ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം അറിയിച്ചു. 1700 സ്കൈപ്പ് അക്കൗണ്ടുകൾക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നവംബർ 15വരെ തട്ടിപ്പിൽ ഏർപ്പെട്ട 6.69 ലക്ഷം മൊബൈൽ സിം കാർഡുകൾ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തട്ടിപ്പിനെതിരെ കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കുമ്പോഴും തട്ടിപ്പിന് ഒരു കുറവുമില്ലെന്നതാണ് യാഥാർഥ്യം.

മറ്റൊന്നാണ് ഒടിപി മുഖേനെയുള്ള തട്ടിപ്പ്. അബദ്ധത്തിൽ ഒരു ആറക്ക കോഡ് എസ്എംഎസ് ആയി അയച്ചിട്ടുണ്ട് അത് വാട്സാപ്പിൽ ഫോർവേഡ് ചെയ്യാമോ? ഇങ്ങനെയൊരു മെസേജ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ഈ ഒരു മെസേജിന് തിരികെ മറുപടി നൽകി കഴിഞ്ഞാൽ നിങ്ങളുടെ വാട്സ്ആപ്പ് നിയന്ത്രണം മറ്റൊരാളുടെ കൈകളിലേക്ക് എത്തും. ഡിജിറ്റൽ അറസ്റ്റ് പോലെ വ്യാപകമായ ഡിജിറ്റൽ തട്ടിപ്പാണ് ഒടിപി മുഖേനെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് നടത്തുന്ന തട്ടിപ്പും. . വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന ഡിജിറ്റൽ തട്ടിപ്പ് മാഫിയയാണ് ഇതിന് പിന്നിൽ.

ഇങ്ങനെ ഒരു മെസേജ് നിങ്ങളുടെ വാട്സ്ആപ്പ് കോണ്ടാക്ടിലുള്ള ആരുടെയെങ്കിലും മെസേജ് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? അതേ സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി ഇങ്ങനെ ഒരു തട്ടിപ്പ് വ്യാപകമാവുകയാണ്നേരത്തെ ഇതിന് സമാനമായ രീതിയിൽ ഫേസ്ബുക്കിൽ തട്ടിപ്പ് നടത്തിയിരുന്നു. അത് ഒരു അക്കൗണ്ടിന് സമാനമായ മറ്റൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തുകൊണ്ടായിരുന്നെങ്കിൽ ഇവിടെ നടക്കുന്നത് ഹാക്കിങ് എന്ന കുതന്ത്രമാണ്. ഒന്നെങ്കിൽ ഒടിപി അല്ലെങ്കിൽ പണം ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്തരത്തിൽ മെസേജുകൾ എത്തുന്നത്. പരിചയക്കാരുടെ നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പു സംഘം വാട്സപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ നമ്മൾ അയച്ചു കൊടുത്താൽ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും.

ഇതിന് മുന്നേ സോഷ്യൽ മീഡിയയിൽ വ്യാപകമായ തട്ടിപ്പാണ് ഫേസ്ബുക്ക് മുഖേനേ നടന്നിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് സമാനമായ അക്കൗണ്ട് ക്രിയേറ്റ് ചെയ്തുകൊണ്ടാണ് ഇത്തരത്തിൽ‌ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യുന്ന അക്കൗണ്ട് വഴി യഥാർത്ഥ അക്കൗണ്ട് ഉടമയുടെ ഫ്രണ്ട് ലിസ്റ്റ് അല്ലെങ്കിൽ ഫോളോവർ എന്നിവർക്ക് മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത് ഇപ്പോഴും വ്യാപകമാണ്.

ഒടുവിൽ നടന്ന രണ്ട് തട്ടിപ്പുകളിൽ ഒന്ന് രാഷ്ട്രപതിയുടെ പേരിലും മറ്റൊന്ന് വയനാട് കളക്ടറുടെ പേരിലുമാണ്. ജാർഖണ്ടിലെ റാഞ്ചി സ്വദേശി മന്റു സോണിക്കാണ് രാഷ്ട്രപതിയുടെ പേരിൽ ഫേസ് ബുക്കിൽ ഫ്രണ്ട്‌സ് റിക്വസ്റ്റ് ലഭിച്ചത്. ഫേസ് ബുക്കിലൂടെ വാട്സ്ആപ്പ് നമ്പറും ഒ ടി പി യും ആവശ്യപ്പെട്ട് മെസേജു ലഭിച്ചു. സംശയം തോന്നിയ മന്റു സോണി പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വയനാട് കളക്ടർ ഡി ആർ മേഘശ്രീയുടെ പേരിലാണ് വാട്സ്ആപ്പിൽ മറ്റൊരു തട്ടിപ്പ് നടത്തിയത്. ഡി ആർ മേഘശ്രീയുടെ ഫോട്ടോ ഡിപി ആക്കിയായിരുന്നു വാട്സാപ്പിലൂടെ വ്യാജൻ പലരോടും പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഇപ്പോഴും ഡിജിറ്റൽ തട്ടിപ്പ് വ്യാപകമാകുമ്പോൾ കൃത്യമായി ഇത് തടയിടാൻ കഴിയാതെ വരുന്നതാണ് ചതിക്കുഴികൾ വർധിക്കാൻ കാരണമാകുന്നത്. അതേസമയം നിരന്തരം അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ ഡിജിറ്റൽ തട്ടിപ്പിന്റെ വലകളിൽ വീഴുന്നത് പതിവാകുന്നുണ്ട്. അതിനാൽ ജാ​ഗ്രത പുലർത്തേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണ്.

Story Highlights : Digital fraud attempts are increasing in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here