‘ശിശുക്ഷേമ സമിതിയില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരത, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ല’; വി.ഡി സതീശൻ
ശിശുക്ഷേമ സമിതിയില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥ. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വച്ചു എന്നത് അതീവ ഗൗരവതരമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയമാരെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ എല്ലാ അവസാനിച്ചുവെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കരുതരുത്. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇടതു ഭരണകാലത്ത് സി.പി.ഐ.എം നടപ്പാക്കിയ അമിത രാഷ്ട്രീയവത്ക്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമതിയെ സര്‍ക്കാര്‍ മാറ്റി. ഗുരുതര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചത്. രണ്ടര വയസുള്ള പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഈ വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് കുഞ്ഞിനെ തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പരിശോധനയിലാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ഗുരുതര പരുക്കുണ്ടെന്ന് മനസിലാക്കിയത്. ഉടനടി ജനറല്‍ സെക്രട്ടറി വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
അറസ്റ്റിലായ മൂന്ന് ആയമാരും താത്ക്കാലിക ജോലിക്കാരാണെന്നാണ് വിവരം. എങ്കിലും മൂന്നുപേരും ഏറെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്നവരാണ്. ആശ്രയമില്ലാത്ത നൂറിലധികം കുട്ടികള്‍ താമസിക്കുന്ന ശിശുക്ഷേമ സമിതിയില്‍ വച്ചുതന്നെ ഒരു കുഞ്ഞിന് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത് നാടിനെയാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Story Highlights : V D Satheesan reacts child assault issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here