ഫ്രഞ്ച് സര്‍ക്കാര്‍ വീണു; ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി

അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായി. ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിലം പതിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ബാര്‍ണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 1962 ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ നിലം പതിക്കുന്നത്. (French PM Michel Barnier’s government loses confidence vote)
ഇടത് എന്‍എഫ്പി മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. ഇതിനെ മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണയ്ക്കുകയായിരുന്നു. 288 വോട്ടുകളാണ് സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ വേണ്ടത്. മൂന്നുമാസത്തില്‍ താഴെ മാത്രമാണ് മിഷേല്‍ ബാര്‍ണിയയ്ക്ക് പ്രധാനമന്ത്രി പദം വഹിക്കാന്‍ കഴിഞ്ഞത്. അവിശ്വാസ പ്രമേയം പാസായതോടെ ബാര്‍ണിയയ്ക്കും സര്‍ക്കാരിനും ഉടന്‍ തന്നെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ കണ്ട് രാജി കൈമാറും.
അടുത്ത വര്‍ഷത്തെ ചെലവുചുരുക്കല്‍ ബജറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍ക്കാര്‍ താഴെ വീഴുന്നതിലേക്ക് വഴിവച്ചത്. ഈ ആഴ്ച തന്നെ സാമൂഹ്യ സുരക്ഷ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ നടന്ന വോട്ടെടുപ്പിനെ ബാര്‍ണിയ സര്‍ക്കാര്‍ അതിജീവിച്ചിരുന്നു. 1962 ല്‍ പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലിന്റെ കീഴില്‍ ജോര്‍ജ്ജ് പോംപിഡോയുടെ സര്‍ക്കാരാണ് ഇതിനുമുന്‍പ് അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് വീണത്. പുതിയ സര്‍ക്കാരിനെ ഉടനടി നിയമിക്കുക എന്നത് മാക്രോണിന് വലിയ ഉത്തരവാദിത്തമാകുകയാണ്.
Story Highlights : French PM Michel Barnier’s government loses confidence vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here