ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം; കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വ്വം ആവശ്യപ്പെടും, തർക്കിക്കുന്നതിൽ യോജിപ്പില്ല, മന്ത്രി കെ രാജൻ

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ ചേരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസത്തിന് നൂറ് വീടുകള്‍ നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ കത്തിന് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നാരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുള്ള മറുപടി ഉടന്‍ നൽകും. സാങ്കേതികമായ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുന്നതില്‍ യോജിപ്പില്ലെന്നും മന്ത്രി ട്വന്റി ഫോറിനോട് വ്യക്തമാക്കി.
കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വം ആവശ്യപ്പെടും. വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടന്‍ ചേരും. ഇത് വൈകാന്‍ കാരണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഈ പ്രശ്നത്തിന് വൈകാതെ പരിഹാരമുണ്ടാകും. ആരുമായും സംസാരിക്കാനുള്ള വാതില്‍ സര്‍ക്കാര്‍ കൊട്ടിയടച്ചിട്ടില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മാത്രമേ പുനരധിവാസം സാധ്യമാകൂ. സാങ്കേതിക കാര്യങ്ങള്‍ മുന്നോട്ടുവച്ച് തര്‍ക്കിക്കുന്നത് അതിജീവനത്തിന് ഗുണകരമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതര്‍ക്ക് പ്രതിദിനം മുന്നൂറു രൂപ ജീവനോപാധി നല്‍കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
Read Also: കോൺഗ്രസിൽ പുനഃ സംഘടന നടത്തണോ വേണ്ടയോ എന്നതിൽ ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ല; കെ മുരളീധരൻ
പ്രഖ്യാപിച്ച നൂറ് വീടുകള്‍ സ്വന്തമായി സ്ഥലം കണ്ടെത്തി നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലീം ലീഗ് ശ്രമം തുടങ്ങി. വിവിധ പ്രദേശങ്ങളിലാകും വീടുകള്‍ നിര്‍മ്മിക്കുക. ഇക്കാര്യത്തില്‍ നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ തീരുമാനമെടുക്കും. വയനാട് ജില്ലാ നേതൃത്വത്തിനും ഇക്കാര്യത്തില്‍ യോജിപ്പാണുള്ളത്. അതേസമയം, ദുരന്തബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് മേപ്പാടിയില്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് വൈകീട്ട് തുടങ്ങും. യൂത്ത് കോണ്‍ഗ്രസ് അടുത്ത ദിവസം മേപ്പാടി-കല്‍പ്പറ്റ മാര്‍ച്ചും നടത്തുന്നുണ്ട്.
Story Highlights : Minister k rajan talk about Chooralmala – Mundakai Rehabilitation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here