അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ടൈസിനെ കണ്ടെത്താന്‍ സഹായിക്കണം; സിറിയയിലെ എച്ച്ടിഎസുമായി സംസാരിച്ച് അമേരിക്ക
സിറിയന്‍ ആഭ്യന്തര സംഘര്‍ഷ പശ്ചാത്തലത്തില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ടൈസിനെ കണ്ടെത്താന്‍ സഹായത്തിനായി വിമത ഗ്രൂപ്പായ എച്ച്ടിഎസുമായി സംസാരിച്ച് അമേരിക്ക. ബഷര്‍ അല്‍ അസദ് ഭരണത്തിന്റെ പതനത്തിന് പിന്നാലെ രാജ്യത്തെ ജയിലിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച സാഹചര്യത്തിലാണ് ടൈസിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2012ലാണ് ടൈസ് സിറിയയില്‍ തടവിലാക്കപ്പെട്ടതായി കരുതുന്നത്. (US asks Syrian rebels HTS to help in search for journalist Austin Tice)
സിറിയയിലെ എല്ലാ ഗ്രൂപ്പുകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും അമേരിക്ക ഇടനിലക്കാര്‍ മുഖാന്തരം സംസാരിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സിറിയയിലെ ജയിലിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരോട് ടൈസിനെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കണമെന്നും കണ്ടെത്തിയാല്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് സുരക്ഷിതമായി അമേരിക്കയ്ക്ക് കൈമാറണമെന്നും അഭ്യര്‍ത്ഥിച്ചതായി മാത്യു മില്ലര്‍ വ്യക്തമാക്കി. ടൈസ് ജീവനോടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരെ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരും സായുധസംഘങ്ങളും തിരിഞ്ഞതോടെയാണ് സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായത്. അലപ്പോയും ഹാമയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വിമത സംഘം കൈയടക്കിയതോടെ ബഷാര്‍ റഷ്യയിലേക്ക് കടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ തടവുകാരെ വര്‍ഷങ്ങളായി പാര്‍പ്പിച്ചിരിക്കുന്ന സായ്ദ്‌നായ ഉള്‍പ്പെടെയുള്ള ജയിലുകള്‍ തുറന്നത്. ജയിലുകളുടെ രഹസ്യ അറകളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights : US asks Syrian rebels HTS to help in search for journalist Austin Tice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here