മധുവിനെ കാണാനെത്തി പഴയകാല നായികമാര്‍, കൂടിച്ചേരലിന് അവസരമൊരുക്കി IFFK

ചലച്ചിത്രമേളയുടെ തിരക്കുകൾക്കിടെ പഴയനായകനെ തേടിയെത്തി ഒരു കൂട്ടം നായികമാര്‍. നവതി പിന്നിട്ട മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിനെ കാണാനാണ് പഴയ നായികമാർ എത്തിയത്. തിരുവനന്തപുരം കണ്ണൻമൂലയിലെ വീട്ടിലെത്തിയാണ് പഴയകാലത്തെ സൂപ്പർ നായികമാർ മധുവിനെ കണ്ടത്. കെആർ വിജയ, റോജ രമണി, ഉഷാ കുമാരി, രാജശ്രീ, ഹേമ ചൗധരി, റീന, ഭവാനി എന്നിവരാണ് മുതിർന്ന നടന്റെ വീട്ടിലെത്തിയത്.
പഴയകാലത്തെ ഓർമകളും അനുഭവങ്ങളും പങ്കുവച്ച് നായകന് ചുറ്റും നായികമാർ ഒത്തുകൂടി. ഒരാൾ പറഞ്ഞുതീരുമ്പോൾ അടുത്തയാൾ സംസാരിച്ചുതുടങ്ങും. അങ്ങനെ ഏറെ നേരം അവരുടെ ഓർമ പുതുക്കൽ നീണ്ടു.വർത്തമാനങ്ങളും ചിരികളുമായി ഒരുപാട് സമയം ചെലവിട്ടു. അവരുടെ മധുര ഓർമകളും കഥകളും കൊണ്ട് സ്വീകരണമുറി നിറഞ്ഞിരുന്നു.
ആദരവിന്റെ പൊന്നാടയും സ്നേഹത്തിന്റെ പൂക്കളും നൽകി നായികമാർ മധുവിനെ ആദരിച്ചു. തന്നെ കാണാനായി ഇവരെല്ലാം വന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നായികമാരെ സന്ദർശിച്ചതിന് ശേഷം മധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മധു സാറിനൊപ്പമാണ് ആദ്യ സിനിമ ചെയ്തതെന്നും അതിന് ശേഷം ഒരുപാട് സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്യാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും നടി കെ ആർ വിജയ പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം മധു തനത് ശൈലയിയിൽ മറുപടിയും നൽകി. കഥാപാത്രങ്ങൾക്ക് മാത്രമല്ല, ഓർമ്മൾക്കും പ്രായമാവില്ലല്ലോ എന്ന ഓര്‍മപ്പെടുത്തൽ ബാക്കിയായി. പ്രിയ നടനെ കണ്ട് അവര്‍ മടങ്ങി.
Story Highlights : 29th IFFK 2024 actor madhu meets old heroines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here