‘മണിയാര്‍ ജലവൈദ്യൂതി പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെണം’ : മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല

മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല. പദ്ധതിയുടെ ബി.ഒ.ടി കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ട്. സ്വകാര്യ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയത്തില്‍ കര്‍ശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണമെന്നും അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി. പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്നത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. യൂണിറ്റിന് വെറും അന്‍പത് പൈസ നിരക്കില്‍ വൈദ്യുതി ഉലപാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാര്‍ത്ഥ ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം ഞാന്‍ പുറത്തുവിട്ടിട്ടുണ്ട് – ചെന്നിത്തല വ്യക്തമാക്കി.
നിരവധി കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കുന്നതിനു പിന്നില്‍ അഴുമതിയല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിക്കുന്നു. കരാര്‍ നീട്ടി നല്‍കുക വഴി കെഎസ്ഇബി താത്പര്യമാണോ അതോ സ്വകാര്യ കമ്പനിയുടെ താത്പര്യമാണോ സംരക്ഷിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കുന്നതിനെ കെഎസ്ഇബി ശക്തിയുക്തം എതിര്‍ത്തതാണ്. കെഎസ്ഇബി ചെയര്‍മാനും, ചീഫ് എഞ്ചിനീയറും ഊര്‍ജ സെക്രട്ടറിക്ക് നല്‍കിയിരുന്ന കത്തില്‍ ഈ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയും, സൗകര്യവും ഈ പ്രോജക്ടിനുണ്ട്. ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും സ്വകാര്യ കമ്പനിക്ക് തീറെഴുതാനുള്ള താത്പര്യം ഒരു കാരണവശാലും അംഗീകരിക്കില്ല – ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
Story Highlights : Government should take up the Maniyar hydropower project: Ramesh Chennithala sent letter to Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here