പതിനാറ് ഓവറിനുള്ളില്‍ പൂട്ടിക്കെട്ടി; വനിത ടി20 പരമ്പരയില്‍ ഇന്ത്യയെ 9 വിക്കറ്റിന് തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി പരമ്പരയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ ജയം. 15.4 ഓവറില്‍ മത്സരം തീര്‍പ്പാക്കിയ വിന്‍ഡീസ് ഒമ്പത് വിക്കറ്റിനാണ് വിജയിച്ചു കയറിയത്. ഇതോടെ പരമ്പരയില്‍ ഓരോ ജയം വീതം ഇരുടീമുകളും സ്വന്തമാക്കി. നവി മുംബൈ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസിനെ 47 പന്തില്‍ നിന്ന് പുറത്താവാതെ 85 റണ്‍സ് എടുത്ത ഹെയ്ലി മാത്യൂസ് ആണ് വിജയത്തിലേക്ക് ആനയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ റണ്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. 41 പന്തില്‍ നിന്ന് 62 റണ്‍സാണ് സ്മൃതി മന്ദാന കണ്ടെത്തിയിരുന്നത്.
തുടക്കത്തില്‍ ഓപ്പണര്‍മാരായ ക്വിയന ജോസഫും ഹെയ്‌ലിയും ചേര്‍ന്ന് മികച്ച തുടക്കം വെസ്റ്റ് ഇന്‍ഡീസിന് നല്‍കിയിരുന്നു. 22 പന്തില്‍ നിന്ന് 38 റണ്‍സാണ് ക്വിയന ജോസഫ് എടുത്തത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഈ കൂട്ടുകെട്ട് സൈമ താക്കൂര്‍ പൊളിച്ചു. ജോസഫിനെ സൈമ താക്കൂര്‍ പുറത്താക്കി. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജോസഫിന്റെ ഇന്നിംഗ്സ്. പിന്നീട് വിന്‍ഡീസിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല. ഷെമെയ്ന്‍ കാംപെല്ലിനെ കൂട്ടുപിടിച്ച് ഹെയ്ലി വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. 17 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹെയ്ലിയുടെ ഇന്നിംഗ്സ്. നാല് ഫോറുകള്‍ ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് 29 റണ്‍സാണ് ഷെമെയ്ന്‍ നേടിയത്.
നേരത്തെ, സ്മൃതിക്ക് പുറമെ പതിനേഴ് പന്തില്‍ നിന്ന് 32 സ്‌കോര്‍ അടിച്ചെടുത്ത് റിച്ചാ ഘോഷ് ഇന്ത്യക്ക് നിര്‍ണായക സംഭവാന നല്‍കി. മലയാളി താരം സജ്‌ന സജീവന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ് മത്സരത്തെ വെച്ച് നോക്കുമ്പോള്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഉമ ചേത്രിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതെത്തിയ ജമീമ റോഡ്രിഗസിനും തിളങ്ങാനായില്ല. അരങ്ങേറ്റക്കാരി രാഘ്വി ബിസ്റ്റ് നിരാശപ്പെടുത്തി. ഇതോടെ 8.1 ഓവറില്‍ മൂന്നിന് 48 എന്ന നിലയിലായി ഇന്ത്യ.
Story Highlights: India Women vs West Indies Women T20 result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here