വിവാദ ഹിജാബ് നിയമം താൽകാലികമായി പിൻവലിച്ച് ഇറാൻ

വെള്ളിയാഴ്ച പ്രാബല്യത്തിൽ വരാനിരുന്ന വിവാദപരമായ ‘ഹിജാബ് നിയമം’ താൽകാലികമായി പിൻവലിച്ച് ഇറാൻ ഭരണകൂടം. നിയമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഏറ്റവും പുതിയ തീരുമാനം.
മുടി, കൈത്തണ്ട, കാലുകൾ എന്നിവ പൂർണ്ണമായി മറക്കാത്ത സ്ത്രീകൾക്കും പെൺകുട്ടികൾക്കും പിഴ 15 വർഷം വരെ നീണ്ട ജയിൽ ശിക്ഷ, അതുപോലെ തന്നെ ആദ്യ നിയമലംഘനത്തിന് 800 ഡോളറും രണ്ടാമത്തെ കുറ്റത്തിന് 1,500 ഡോളർ പിഴയും അവരുടെ ബിസിനസുകൾ ബാൻ ചെയ്യൽ എന്നിവ ഉൾപ്പെടെ കർശനമായ ശിക്ഷകളാണ് ഈ നിയമം നിർദ്ദേശിച്ചിരുന്നത്. 2023 സെപ്റ്റംബറിലാണ് ഇറാൻ പാർലമെൻ്റ് ബില്ലിന് അംഗീകാരം നൽകിയത്. ഇതേ തുടർന്ന് ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.
Read Also: ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും
ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരുന്നത്. മാത്രമല്ല ഹിജാബ് നീക്കം ചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനവും ഇറാൻ ഭരണകൂടം നടത്തിയിരുന്നു. ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയായിരുന്നു ഇറാൻ ഭരണകൂടത്തിന്റെ പുതിയ ക്ലിനിക്ക് പ്രഖ്യാപനം.
Story Highlights : Iran pauses new, stricter hijab law for women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here