ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ടെന്നും പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണെന്നും സാന്ദ്ര പറഞ്ഞു. അടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ( sandra thomas against producers association leadership)
സംഘടിതമായി ഒരു സ്ത്രീക്കെതിരെ ചെയ്ത അനീതിയോട് പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. വനിത പ്രൊഡ്യൂസേഴ്സ് മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംഘടനയ്‌ക്കെതിരെ ഭൂരിഭാഗം പ്രൊഡ്യൂസേഴ്സ് നിലപാട് സ്വീകരിക്കാത്തത് ഭയം കൊണ്ട് മാത്രമാണ്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും താന്‍ പിന്നോട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി. തന്നെപ്പോലെ ഇനിയും നിര്‍മാതാക്കള്‍ മുന്നോട്ടുവരാനുണ്ട്. വൈകാതെ ഇവരുടെ ഗോപുരം ഇടിഞ്ഞുവീഴുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയ നടപടി എറമാകുളം സബ് കോടതി ഇന്നലെ റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു ട്വന്റിഫോറിലൂടെ സാന്ദ്ര തോമസിന്റെ പ്രതികരണം. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്നാണ് സാന്ദ്ര ഇതിനെ വിശേഷിപ്പിക്കുന്നത്. മുന്‍പ് ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയില്‍ പങ്കെടുത്ത് സാന്ദ്ര സംഘടനാ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. സിനിമാ തര്‍ക്കവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത തന്നെക്കുറിച്ച് വസ്ത്രധാരണം ചൂണ്ടിക്കാട്ടി മോശമായി സംസാരിച്ചെന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്.
Story Highlights : sandra thomas against producers association leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here