’ഗഗൻയാൻ’: ഒരുക്കങ്ങൾ തുടങ്ങി; റോക്കറ്റ് കൂട്ടിച്ചേർക്കൽ ജോലികൾക്ക് തുടക്കം

‘ഗഗൻയാൻ’ വഴി മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എച്ച്.എൽ.വി.എം.3) യുടെ ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി ബുധനാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽ തുടങ്ങി. റോക്കറ്റ് പൂർണരൂപത്തിലാക്കുന്ന ജോലികൾ തുടങ്ങുന്നത് ദൗത്യത്തിന്റെ വിളംബരമായാണ് കണക്കാക്കുന്നത്.
അടുത്തവർഷം ആദ്യമായിരിക്കും ആളില്ലാത്ത ക്രൂ മൊഡ്യൂൾ വഹിച്ചുള്ള വിക്ഷേപണം നടക്കുക. 30–40 ദിവസം കൊണ്ട് റോക്കറ്റ് പൂർണരൂപത്തിലാകും. റോക്കറ്റിന്റെ മോട്ടോർഭാഗം നിർമാണശാലയിൽനിന്ന് കഴിഞ്ഞദിവസം ശ്രീഹരിക്കോട്ടയിലെത്തിച്ചിരുന്നു. ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി.യെ മനുഷ്യനെ വഹിക്കാവുന്ന രീതിയിൽ പരിഷ്‌കരിച്ചതാണ് എച്ച്.എൽ.വി.എം. 3 റോക്കറ്റ്. 2018 ഡിസംബർ 18നായിരുന്നു എൽവിഎം 3 റോക്കറ്റിന്റെ ആദ്യ ദൗത്യം നടന്നത്. യാത്രാ പേടകത്തിന്റെ മാതൃകയാണ് അന്ന് വിക്ഷേപിച്ചത്. കടലിൽ ഇറക്കിയ പേടകത്തെ പിന്നീട് വീണ്ടെടുക്കുകയായിരുന്നു.
2018ൽ 3,775 കിലോഗ്രാം ഭാരമുള്ള എൽവിഎം3-എക്‌സ് ക്രൂ മൊഡ്യൂളിനെ 126 കിലോമീറ്റർ സബ് ഓർബിറ്റൽ ഉയരത്തിലെത്തിച്ച് നിയന്ത്രിതമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കുകയും ചെയ്തിരുന്നത്. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗൻയാൻ പേടകത്തിൽ ഐഎസ്ആർഒ അയക്കുക. സംഘത്തെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിൻറെ പ്രാഥമിക ലക്ഷ്യം. ആളില്ലാത്ത ക്രൂ മൊഡ്യൂൾ ബഹിരാകാശത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷമായിരിക്കും മനുഷ്യരെയും വഹിച്ചുള്ള ബഹിരാകാശയാത്ര.
Story Highlights : ISRO begins assembling LVM3 for maiden uncrewed Gaganyaan launch in 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here