ഭാര്യയുടെ ചികിത്സക്കായി രണ്ട് ലക്ഷം ആവശ്യപ്പെട്ടിരുന്നു, സാബു ബാങ്കിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപ; ബന്ധു സണ്ണി

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യചെയ്ത സാബുവിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. ബാങ്കിന് മുന്നിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം നടക്കുകയാണ്. സാബു ബാങ്കിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്ന് ബന്ധു സണ്ണി ട്വന്റി ഫോറിനോട് പറഞ്ഞു. അതിൽ 14 ലക്ഷം രൂപ ബാങ്ക് തിരികെ നൽകിയെന്നും ഭാര്യയുടെ ചികിത്സക്കായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇന്നലെ രാവിലെയും സാബു ബാങ്കിൽ എത്തിയിരുന്നു എന്നാൽ പണം നൽകാതെ ബാങ്കിലെ ജീവനക്കാർ തിരിച്ചയക്കുകയായിരുന്നു. ഇതേ തുടർന്ന് തുടര്‍ന്ന് ജീവനക്കാരുമായി സാബു തർക്കത്തിലേർപ്പെട്ടിരുന്നു. ബാങ്കിൽ പ്രശ്നം ഉണ്ടാക്കിയതിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ജീവനക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു ആരോപിച്ചു.
ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. തൊടുപുഴയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായിട്ടാണ് സാബു പണം തിരികെ ചോദിച്ചിരുന്നത്. എന്നാൽ പണം ചോദിച്ചെത്തിയ സാബുവിനെ പലതവണ ജീവനക്കാർ പറഞ്ഞയക്കുകയായിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.
Read Also: ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
സാബുവിന്‍റെ പോക്കറ്റിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചില്ലെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.എല്ലാവരും അറിയാൻ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്. തന്‍റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കിൽ നിന്ന് തന്‍റെ ഭാര്യയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
Story Highlights : Investor suicide in idukki; Protest in front of the bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here