‘എന്റെ അമ്മയെ ബറോസ് 3Dയിൽ കാണിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടമുണ്ട്, പ്രേക്ഷകർക്ക് നല്ലൊരു എക്സ്പീരിയൻസ് ആകും’ : മോഹൻലാൽ

അമ്മയെ ബറോസ് 3D യിൽ കാണിക്കാൻ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടൻ മോഹൻലാൽ. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററിൽ പോയി അമ്മയ്ക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും ആ സങ്കടം തനിക്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ സിനിമ 2D യിൽ ആക്കിയിട്ടാണെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഇന്നലെ കൊച്ചിൽ താൻ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പ്രൊമോഷൻ ചടങ്ങിനായി മോഹൻലാൽ കൊച്ചിയിൽ എത്തിയിരുന്നു. തീർച്ചയായും പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവം ആകും ബറോസ് എന്നും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടന്നൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
ഒന്നും പ്രതീക്ഷിക്കാതെ തീയറ്ററിലേക്ക് എത്തുക. തീർച്ചയായും പ്രേക്ഷകർക്ക് നല്ലൊരു വ്യൂവിങ് എക്സ്പീരിയൻസ് ആകും ബറോസ്. ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കും സിനിമ ഇഷ്ടമാകുക. ചിലർക്ക് മ്യൂസിക് ആകും കൂടുതൽ ഇഷ്ടമാകുക, ചിലർക്ക് കോസ്റ്റ്യൂം അല്ലെങ്കിൽ മേക്കിങ്, സെന്റിമെന്റ്സ് ഒക്കെ ആകും ഇഷ്ടമാകുന്നത്. അത്തരത്തിൽ ഒരുപാട് ലേയേർസ് ഉള്ള സിനിമയാണ് ബറോസെന്നും മോഹൻലാൽ പറഞ്ഞു.
എന്റെ അമ്മയ്ക്ക് തിയറ്ററിലൊന്നും പോകാൻ പറ്റില്ല, എന്റെ മറ്റു സിനിമകളൊക്കെ അമ്മ ടിവിയിൽ കാണും. എന്റെ എല്ലാ സിനിമയും ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലോ മറ്റോ ഒക്കെ ആക്കി ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുക്കും. അതുപോലെ ഈ സിനിമയും ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുക്കാം. പക്ഷേ 3D എന്ന തരത്തിൽ കാണിക്കാൻ പറ്റില്ലെന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ബറോസ് റിലീസ് ചെയ്യാൻ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം. ക്രിസ്മസ് റിലീസായ ഡിസംബർ 25നാകും ബറോസ് തിയറ്ററിൽ എത്തുക. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് ആരാധകർ. നിലവിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി തുടരുകയാണ് മോഹൻലാൽ.
കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ വൂഡൂവിനെ മോഹൻലാൽ പരിചയപ്പെടുത്തിയിരുന്നു. ബറോസെന്ന സിനിമയിലെ പ്രധാന നടനെന്നായിരുന്നു ഈ അനിമേഷൻ കഥാപാത്രത്തെ മോഹൻലാൽ വിശേഷിപ്പിച്ചത്.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. എമ്പുരാന്‍, വൃഷഭ, തുടരും, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
Story Highlights : Mohanlal About Barroz Movie Experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here