ഡൊണാള്‍ഡ് ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യന്‍-അമേരിക്കന്‍ ശ്രീറാം കൃഷ്ണന്‍

ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നത്. (Trump names Indian-American entrepreneur Sriram Krishnan policy advisor on AI)
അമേരിക്കയുടെ സെക്കന്‍ഡ് ലേഡി, നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സാണ്. പരസ്യമായി പ്രഖ്യാപിക്കാത്ത എക്‌സിക്യൂട്ടീവ് നിയമനങ്ങളില്‍ ഇന്ത്യന്‍ വംശജരായ വിവേക് രാമസ്വാമി, കാഷ് പട്ടേല്‍, ഡോക്ടര്‍ ജെയ് ഭട്ടാചാര്യാ, ഹര്‍മിത് ധില്ലന്‍ എന്നിവരും ഉള്‍പ്പെടുമെന്നാണ് വിലയിരുത്തലുകള്‍. ഹര്‍മിത് ധില്ലന്‍ ഡിഫന്റര്‍ ഓഫ് സവില്‍ റൈറ്റ്‌സ് വകുപ്പിലും ,ഡോ. ജെയ് ഭട്ടാചാര്യ ഇന്നോവേറ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്തിലും, കാഷ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടറായും,വിവേക് രാമസ്വാമി സ്ട്രീമിംഗ് ഗവണ്‍മെന്റ് എഫിഷെന്‍സി വകുപ്പിലും ജനുവരി 20ന് ചുമതലയേല്‍ക്കുമെന്ന് വിവരങ്ങള്‍.
വൈറ്റ് ഹൗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേഷ്ടാവായി നിയമിതനായ ശ്രീറാം കൃഷ്ണന്‍ സര്‍ക്കാരിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. പ്രസിഡന്റ്‌സ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ചായിരിക്കും ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അസൂര്‍ ടീമിന്റെ സ്ഥാപക അംഗമെന്ന നിലയില്‍ ശ്രീറാം കൃഷ്ണന്റെ കരിയറിലെ പ്രധാന നേട്ടങ്ങളെ കണക്കിലെടുത്താണ് ട്രംപ് ഇങ്ങനെയൊരു നിയമനം നടത്തിയത്. പേപാലിന്റെയും വൈറ്റ് ഹൗസ് എഐ & ക്രിപ്റ്റോയുടെയും മുന്‍ സിഒഒ ഡേവിഡ് ഒ സാക്സുമായി പ്രവര്‍ത്തിക്കാനുളള ആവേശം ശ്രീറാം കൃഷ്ണനും പങ്കുവെച്ചിട്ടുണ്ട്.
ശ്രീറാം കൃഷ്ണന്റെ ജനനം ചെന്നൈയിലായിരുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ കാട്ടാങ്കുളത്തൂരിലുള്ള എസ്ആര്‍എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദം നേടി. 2005-ല്‍ 21-ാം വയസ്സില്‍ അദ്ദേഹം യുഎസിലേക്ക് കുടിയേറി. അച്ഛന്‍ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനും അമ്മ വീട്ടമ്മയുമാണ്.
2005-ല്‍ മൈക്രോസോഫ്റ്റില്‍ നിന്നാണ് ശ്രീറാം ടെക് ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ട്വിറ്റര്‍ , യാഹൂ!, ഫേസ്ബുക്, സ്‌നാപ്പ് എന്നീ പ്രമുഖ കമ്പനികളിലും പ്രവര്‍ത്തിച്ചു. ഫേസ്ബുക്കിലും സ്‌നാപ്പിലും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മൊബൈല്‍ പരസ്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രീറാം കൃഷ്ണന്‍ നിര്‍ണായക പങ്കുവഹിച്ചു.
ശ്രീറാം ട്വിറ്ററില്‍ 2019 വരെ ജോലി ചെയ്തു, അവിടെ പ്ലാറ്റ്‌ഫോം പുനഃക്രമീകരിക്കുന്നതില്‍ എലോണ്‍ മസ്‌കുമായി പ്രവര്‍ത്തിച്ചു. 2022-ല്‍ ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തതിനുശേഷവും ശ്രീറാം ഒപ്പം തുടര്‍ന്നു. 2021 ഫെബ്രുവരിയില്‍ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്സില്‍ ശ്രീറാം പങ്കാളിയായി. പിന്നീട് 2023-ല്‍ ലണ്ടനില്‍ സ്ഥാപനത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര ഓഫീസിന് നേതൃത്വം നല്‍കി. എന്നാല്‍ 2023 നവംബറില്‍ അദ്ദേഹം ആ സ്ഥാപനം വിട്ടു. ശ്രീറാം കൃഷ്ണന്‍ തന്റെ ഭാര്യ ആരതി രാമമൂര്‍ത്തിക്കൊപ്പം ‘ദി ആരതി ആന്‍ഡ് ശ്രീറാം ഷോ’ (മുമ്പ് ‘ദ ഗുഡ് ടൈം ഷോ’ എന്നറിയപ്പെട്ടിരുന്നു) എന്ന ഒരു ജനപ്രിയ പോഡ്കാസ്റ്റും അവതരിപ്പിക്കുന്നുണ്ട്.
Story Highlights : Trump names Indian-American entrepreneur Sriram Krishnan policy advisor on AI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here