ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു; സിറിയ സംഘർഷഭരിതം

ക്രൈസ്തവ വിശ്വാസികൾ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയിൽ ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഒരു സംഘം ഇന്ധനം ഒഴിച്ച് കത്തിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശ്വാസികൾ തെരുവിലിറങ്ങി. ന്യൂനപക്ഷങ്ങൾക്ക് മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങൾ. നിരവധി ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
എന്നാൽ തീയിട്ട സംഘത്തെ പിടികൂടിയതായും, ഇവർ സിറിയയിൽ ഉളളവരല്ലയെന്നും എച്ച്ടിഎസ് ഭരണകൂടം അറിയിച്ചു. നശിപ്പിക്കപ്പെട്ട ക്രിസ്മസ് ട്രീ ഉടൻ പുനഃസ്ഥാപിക്കുമെന്നും എച്ച്ടിഎസ് ഭരണകൂടം ഉറപ്പുനൽകി.
ഈ വർഷം ക്രിസ്മസ് ആഘോഷങ്ങൾക്കോ പ്രാർത്ഥനകൾക്കോ യാതൊരു സുരക്ഷയും ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ആക്രമണം ഉണ്ടാകുമോയെന്ന് ഭയമുണ്ടെന്ന് ഡമാസ്കസിലെ ഒരു വിഭാഗം പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് സിറിയയിൽ അധികാരം പിടിച്ച വിമത സായുധ സംഘം പറഞ്ഞിരുന്നു.
Story Highlights : Christians protest in Syrian capital after burning of Christmas tree
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here