സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന പരിശോധനകളിൽ ചരിത്രത്തിന്റെ പൗരാണിക അടയാളങ്ങൾ കണ്ടെത്തുന്നത് തുടരുന്നു . സംഭാലിലെ ചന്ദൗസിയിലെ ലക്ഷ്മൺഗഞ്ച് പ്രദേശത്ത് നടത്തിയ ഖനനത്തിനിടെ ഏകദേശം 150 വർഷം വരെ പഴക്കമുള്ളതും 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുള്ള പടിക്കിണർ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
നാട്ടുകാർ നൽകുന്ന വിവരണങ്ങൾ അനുസരിച്ച്, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തിലാണ് സ്റ്റെപ്പ്‌വെൽ നിർമിച്ചത്. പടി കിണറ്റിന് സമീപമുള്ള ബാങ്കെ ബിഹാരി ക്ഷേത്രം ജീർണാവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. 150 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ രണ്ട് വിഗ്രഹങ്ങളും പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു.
സ്ഥലത്ത് ഖനന പ്രവർത്തനങ്ങൾ ശനിയാഴ്ച ആരംഭിച്ചതായി ചന്ദൗസി നഗർ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ സോങ്കർ പറഞ്ഞു. 46 വർഷമായി അടച്ചിട്ടിരുന്ന സംഭാലിലെ ഭസ്മശങ്കർ ക്ഷേത്രം ഡിസംബർ 13ന് തുറന്നതിനെ തുടർന്ന് ഖനനം തുടരുകയാണ്.അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്കിടെയാണ് ഈ ഘടന കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിലെ കിണറ്റിൽ നിന്ന് കേടുവന്ന രണ്ട് വിഗ്രഹങ്ങളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥലത്ത് സർവേ നടത്താനുള്ള സാധ്യത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും നാട്ടുകാർക്ക് ഇത് സംബന്ധിച്ച് എഎസ്ഐക്ക് അപേക്ഷ സമർപ്പിക്കാമെന്നും സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.
കിണറിന്റെ മുകൾ നില ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഘടനയിൽ നാല് മുറികളും ഒരു കിണറും ഉൾപ്പെടുന്നു, അദ്ദേഹം പറഞ്ഞു. ഘടനയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധാപൂർവം ജോലികൾ നടക്കുന്നുണ്ടെന്ന് പെൻസിയ പറഞ്ഞു.
Story Highlights : 150 year old stepwell tunnel found in sambhal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here