അണ്ണാ യൂണിവേഴ്സിറ്റി ലൈംഗികാതിക്രമം: കേസ് അന്വേഷിക്കാന്‍ വനിതാ പൊലീസിന്റെ പ്രത്യേക സംഘം

അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാന്‍ വനിതാ പൊലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. കേസിലെ എഫ്‌ഐആറിലുണ്ടായ പിഴവുകളും പ്രത്യേക സംഘം അന്വേഷിക്കും. പെണ്‍കുട്ടിയുടെ പഠനചെലവുകള്‍ ഒഴിവാക്കാനും എഫ്‌ഐആറിലെ പിഴവില്‍ കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീശന്‍ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു.
അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിണഗിച്ച മദ്രാസ് ഹൈക്കോടതി അവധിക്കാല ബെഞ്ച് ഇന്നും പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണുന്നയിച്ചത്. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത കേസിലെ എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടത് പൊലീസിന്റെ വലിയ പിഴവാണ്. കേസിലെ പ്രാഥമിക അന്വേഷണം നടക്കുമ്പോള്‍ തന്നെ കമ്മീഷണര്‍ മാധ്യമങ്ങളെ കണ്ടത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
പെണ്‍കുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കുന്ന പല പരാമര്‍ശങ്ങളും എഫ്‌ഐആറില്‍ ഉണ്ട്. പെണ്‍കുട്ടിയെ എന്തിനാണ് വേട്ടയാടാന്‍ അനുവദിക്കുന്നത് എന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍ വനിതാപൊലീസിന്റെ പ്രത്യേകസംഘത്തെ നിയോഗിച്ച കോടതി എഫ്‌ഐആറില്‍ സംഭവിച്ച പൊലീസിന്റെ ഓരോ പിഴവും അന്വേഷിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചു. സമിതി അംഗങ്ങള്‍ ഉടന്‍ ചെന്നൈയിലെത്തി പെണ്‍കുട്ടിയേയും, കുടുംബത്തേയും സര്‍വകലാശാല അധികൃതരേയും കാണും.
Story Highlights : IPS officers team, comprising women only, to probe Anna University sexual assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here