അറിയാതെ മലവും മൂത്രവും പോകുന്ന രോഗാവസ്ഥ; ദിവസവും ധരിക്കേണ്ടി വന്നിരുന്നത് അഞ്ചും ആറും ഡയപ്പറുകള്‍; 14കാരിക്ക് തുണയായി സ്‌കൂള്‍ ആരോഗ്യ പരിശോധന

അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥ കാരണം ബുദ്ധിമുട്ടിയ 14 കാരിക്ക് തുണയായി ആരോഗ്യ പ്രവര്‍ത്തകര്‍. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണമാണ് അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥ ഉണ്ടായിരുന്നത്. നട്ടെല്ലിലെ താഴ് ഭാഗത്തെ എല്ല് പൂര്‍ണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികള്‍ വളര്‍ച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണ് ഈ രോഗം.സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കിടെയാണ് ആര്‍ബിഎസ്‌കെ നഴ്സ് ലീനാ തോമസ് കുട്ടിയുടെ അവസ്ഥ കണ്ടെത്തിയത്. അറിയാതെ മലവും മൂത്രവും പോകുന്നത് മൂലം ദിവസവും അഞ്ചും ആറും ഡയപ്പറുകളാണ് മാറിമാറി കുട്ടി ധരിക്കേണ്ടിയിരുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.
ലക്ഷങ്ങള്‍ ചെലവുവരുന്ന സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയാല്‍ കുട്ടിക്ക് സാധാരണ ജീവിതം നയിക്കാനാകുമെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ ശസ്ത്രകിയ വിജയകരമായി നടത്തി. സ്വകാര്യ ആശുപത്രികളില്‍ 5 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നടത്തിയത്. മന്ത്രി വീഡിയോ കോള്‍ വഴി കുട്ടിയുമായി സംസാരിച്ചു.
ആര്‍.ബി.എസ്.കെ. നഴ്സ് ലീനാ തോമസ്, ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ആശാ പ്രവര്‍ത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജര്‍ അരുണ്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ടീം തുടങ്ങിയവരെ മന്ത്രി വിഷയത്തില്‍ അഭിനന്ദിച്ചു. ഇതിന് നേതൃത്വം നല്‍കിയ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കുട്ടിയെ സന്ദര്‍ശിച്ചു. അപ്പോഴാണ് വീഡിയോ കോളിലൂടെ കുട്ടിയുമായി മന്ത്രി സംസാരിച്ചത്.
സ്‌കൂള്‍ ആരോഗ്യ പരിപാടി നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് സവിശേഷ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും ജനകീയ പങ്കാളിത്തത്തോടെയും വിപുലമായ പ്രവര്‍ത്തനങ്ങളോടെയുമുള്ള സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ ഔപചാരിക സംസ്ഥാനതല ഉദ്ഘാടനം വൈകാതെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : school health checkup saves girl with Sacral Agenesis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here