മൻമോഹൻ: ആ പേരിലെക്കെത്താൻ സോണിയയെ പ്രേരിപ്പിച്ചത് എന്തായിരുന്നു?, ‘ആകസ്മികനല്ലാത്ത’ രാഷ്ട്രീയക്കാരൻ

”ഞാന്‍ നിങ്ങളെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല. എന്റെ അച്ഛന്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ നിങ്ങള്‍ കൊല്ലപ്പെടും. ഞാന്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ എനിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും”, 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം, കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന സമയം. രാഷ്ട്രീയ ഇന്ത്യ ഏകദേശം ഉറപ്പിച്ചിരുന്നു, സോണിയ ഗാന്ധി തന്നെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി. എന്നാല്‍, ഒരാളുടെ എതിര്‍പ്പിന്‍മേല്‍, ഒരൊറ്റയാളുടെ കടുംപിടിത്തത്തിന്‍മേല്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം സോണിയ തന്റെ അമ്പത്തിയേഴാം വയസില്‍ വേണ്ടെന്നുവെച്ചു. തന്റെ മാതാവിനെ പിന്തിരിപ്പിച്ച അന്നത്തെ ആ പിടിവാശിക്കാരൻ, രാഹുൽ ഗാന്ധി. ഹൗ പ്രൈം മിനിസ്റ്റ്ഴേസ് ഡിസൈഡ് എന്ന പുസ്തകത്തിൽ പ്രമുഖ മാധ്യമപ്രവർത്തക നീരജ ചൗധരി എഐസിസി ആസ്ഥാനത്തെ സംഭവ വികാസങ്ങൾ വിവരിക്കുന്നുണ്ട്. മകന്റെ വാക്കിന് മുന്നിൽ കീഴടങ്ങിയ സോണിയ മറ്റൊരു പേര് തിരഞ്ഞെടുത്തു. ഇന്ത്യൻ സാമ്പത്തിക രംഗത്തെ മാറ്റിമറിച്ച മൻമോഹൻ സിങ്. അങ്ങനെ, മൻമോഹൻ സിങ് ഒരു ആക്സിഡന്റൽ പ്രൈം മിനിസറ്ററായി.
മൻമോഹൻ സിങ്; ആകസ്ഡന്റൽ പ്രൈം മിനിസ്റ്റർ
‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ തന്നെയായിരുന്നു മൻമോഹൻ. എന്നാൽ, ഒരു ആക്സിഡന്റൽ പൊളിറ്റീഷ്യൻ ആയിരുന്നില്ല അദ്ദേഹം. കൃത്യവും വ്യക്തവുമായ വീക്ഷണങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന നേതാവ്. രാജ്യം സാന്പത്തിക പ്രതിസന്ധിയുടെ ചുഴിയലകപ്പെട്ട 1991-ൽ ആകസ്മികമായി തന്നെയാണ് മൻമോഹൻ ധനമന്ത്രി സ്ഥാനത്തേക്കും എത്തുന്നത്. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിരന്തര നിർബന്ധമാണ് സിങിനെ ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.
താനൊരു ആകസ്മിക രാഷ്ട്രീയക്കാരനല്ലെന്ന് തെളിയിക്കാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല മൻമോഹൻ. ഒരിക്കൽ മാത്രം, ആക്സിഡന്റൽ പൊളിറ്റീഷ്യൻ എന്ന പ്രയോഗത്തെ എതിർത്തു. അത് നീരജ ചൗധരി അടയാളപ്പെടുത്തിവെച്ചു. ഇങ്ങനെയായിരുന്നു ആ വാക്കുകൾ; ”1971മുതൽ ഞാൻ പൊതു സംവിധാനത്തിനൊപ്പമുണ്ട്. പലതരം അഭിപ്രായങ്ങളുള്ള രാഷ്ട്രീയക്കാരുമായി ഇടപെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രക്രിയയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം”
അതികായൻമാർ പലരുമുണ്ടായിരുന്നു 2004-ൽ സോണിയക്ക് മുന്നിൽ. പ്രണാബ് മുഖർജിയും അർജുൻ സിങും ശിവരാജ് പാട്ടീലും അടക്കം തലപ്പൊക്കമുള്ള നേതാക്കൾ. എന്നിട്ടും സോണിയ മൻമോഹനിലേക്കെത്തി. നരസിംഹ റാവു കൊണ്ടുവന്ന ധനമന്ത്രിയായിട്ടും സോണിയ സിങിനെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചു. ഇന്ദിരയോടും രാജീവിനോടും സിങ് പുലർത്തിയ കൂറാകാം സോണിയയെ അതിന് പ്രേരിപ്പിച്ചത്. മൻമോഹന് മുകളിൽ സൂപ്പർ അഡ്വൈസറി കമ്മിറ്റിയുണ്ടാക്കി സോണിയ ഭരണം നിയന്ത്രിച്ചു. നരസിംഹ റാവുവിന്റെ ധനമന്ത്രിയായിരുന്നപ്പോൾ അനുഭവിച്ച സ്വതാതന്ത്ര്യം സിങിന് പക്ഷേ, സോണിയക്ക് കീഴിലെ പ്രധാനമന്ത്രി കസേരയിൽ കിട്ടിയില്ല എന്നത് വസ്തുത. ഉദാരവത്കരണവും സാമ്പത്തിക പരിഷ്‌കരണങ്ങളും മാത്രമായിരുന്നില്ല മന്‍മോഹന്‍. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികളും മന്‍മോഹന്‍ സിങ് നടപ്പാക്കി.
ശാന്തശീലനായ മൻമോഹൻ പൊട്ടിത്തെറിക്കുന്നത് ഒരിക്കൽ രാജ്യം കണ്ടു. എൽകെ അഡ്വാനിയുടെ പാവ പ്രധാനമന്ത്രിയെന്ന പരിഹാസം സഹിക്കവയ്യാതെ ഒരു പാർലമെന്റ് ദിനത്തിൽ മൻമോഹൻ പൊട്ടിത്തെറിച്ചു. ‘ഞാൻ ദുർബലനായിരിക്കാം. പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആരാധനാലയം ഒരുപറ്റം തെമ്മാടികൾ തകർക്കുന്നതു കണ്ടിട്ട് ഒരു മൂലയിലിരുന്ന് കരയാൻമാത്രം കൊള്ളരുതാത്തവനല്ല ഞാൻ’ എന്നദ്ദേഹം അഡ്വാനിയെ നോക്കി പറഞ്ഞു. ആ പറച്ചിലിലുണ്ട് മൻമോഹൻ സിങ് എന്ന മതേതരവാദിയുടെ രാഷ്ട്രീയം. പ്രകടനപരതയുടെ ഇന്നത്തെ രാഷ്ട്രീയ ഇന്ത്യയിൽ ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തൊരു പിറവിയാണ് മൻമോഹൻ സിങ്.
Story Highlights : Manmohan Singh a ‘Accidental Prime Minister’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here